‘എല്ലാം മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം’; എസ്എഫ്ഐക്കാർ മുഖ്യമന്ത്രിയുടെ കൂലിക്കാരെന്ന് ഗവർണർ

നിലമേല്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിഷേധക്കാര്‍ എന്ന പേരില്‍ തന്നെ ആക്രമിച്ചവര്‍ എസ്എഫ്ഐ പ്രവര്‍ത്തകരല്ലെന്നും അവര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കൂലിക്കാരാണെന്നും ഗവര്‍ണര്‍ പറഞ്ഞു. പോലീസ് മുകളില്‍നിന്നുള്ള ഉത്തരവ് അനുസരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും സംസ്ഥാനത്ത് നിയമലംഘനം പ്രോത്സാഹിപ്പിക്കുന്നത് മുഖ്യമന്ത്രിയാണെന്നും ഗവര്‍ണര്‍ ആരോപിച്ചു.

17 എസ്എഫ്ഐക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന്‍റെ എഫ്ഐആർ പകർപ്പ് ലഭിച്ച ശേഷമാണ് റോഡിൽ ഒന്നരമണിക്കൂർ നീണ്ട കുത്തിയിരിപ്പ് പ്രതിഷേധം ഗവർണർ അവസാനിപ്പിച്ചത്. 17 പേർക്കെതിരെ മാത്രമാണ് കേസെടുത്തത്. പ്രതിഷേധക്കാർ 17 പേർ മാത്രമാണെങ്കിൽ പൊലീസിന് തടയാൻ കഴിയേണ്ടതല്ലേ. ദൂരെ നിന്ന് കരിങ്കൊടി കാണിക്കുന്നതിനോട് താൻ എതിരല്ല. തന്‍റെ വാഹനത്തിൽ ഇടിച്ചപ്പോഴാണ് പുറത്തിറങ്ങിയതെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതിഷേധം അവസാനിപ്പിച്ച ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മുഖ്യമന്ത്രി കടന്നുപോകുന്ന വഴിയകളിൽ ഇതുപോലെയാണോ സുരക്ഷയൊരുക്കുകയെന്ന് ഗവർണർ ചോദിച്ചു. മുഖ്യമന്ത്രിക്ക് ഏത് തരം സുരക്ഷയാണ് നൽകുന്നതെന്ന് നവകേരള സദസ്സിൽ കണ്ടതാണ്. ഇവിടെ മുഖ്യമന്ത്രിയുടെ അറിവോടെയാണ് തനിക്കെതിരായ പ്രതിഷേധം. പ്രതിഷേധക്കാരെ സ്ഥലത്തെത്തിക്കുന്നത് പോലും പൊലീസ് വാഹനത്തിലാണ്. പൊലീസിന് മുഖ്യമന്ത്രിയുടെ നിർദേശം അനുസരിക്കേണ്ടിവരികയാണെന്ന് ഗവർണർ ആരോപിച്ചു.

തന്റെ പ്രതിഷേധം ഏതെങ്കിലും പാര്‍ട്ടിക്കോ വ്യക്തികള്‍ക്കോ എതിരല്ലെന്നും മറിച്ച് ഒരു സംസ്ഥാനത്തിന്റെ കുത്തഴിഞ്ഞ ഭരണസംവിധാനത്തിന് എതിരാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. പ്രതിഷേധങ്ങള്‍ക്ക് താന്‍ എതിരല്ലെന്നും കാർ ആക്രമിച്ചതുകൊണ്ടാണ് പുറത്തിറങ്ങി പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു. താന്‍ പ്രതിഷേധിക്കുകയായിരുന്നില്ല എന്നും അക്രമികള്‍ക്കെതിരെ കേസെടുക്കാനായി കാത്തിരിക്കുകയായിരുന്നുവെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

More Stories from this section

family-dental
witywide