നടക്കില്ല! അടിയന്തര തീരുമാനം വന്നു, ഗവര്‍ണറുടെ ഇന്നത്തെ ‘യാത്രയയപ്പ്’ റദ്ദാക്കി; കാരണം മൻമോഹൻ സിംഗിന്റെ ദുഃഖാചരണം

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് രാജ്ഭവനിൽ നല്‍കാനിരുന്ന യാത്രയയപ്പ് യോഗം റദ്ദാക്കി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ മരണത്തെതുടര്‍ന്ന് ദേശീയ ദുഃഖാചരണം നടക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ന് രാജ്ഭവനിൽ നല്‍കാനിരുന്ന ആരിഫ് ഖാന്റെ യാത്രയയപ്പ് യോഗം റദ്ദാക്കിയത്.

കേരള സംസ്ഥാന ഗവർണർ സ്ഥാനത്ത് നിന്നും മാറ്റം ലഭിച്ച ആരിഫ് ഖാന്റെ യാത്രയയപ്പ് യോഗം രാജ് ഭവന്‍ ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച വൈകിട്ട് 4.30 ന് ആയിരുന്നു നിശ്ചയിച്ചിരുന്നത്. രാജ്ഭവന്‍ ജീവനക്കാരാണ് ആരിഫ് ഖാന് യാത്രയയപ്പു നല്‍കാൻ തീരുമാനിച്ചിരുന്നത്. ബിഹാർ ഗവർണർ സ്ഥാന മേറ്റെടുക്കാനായി കൊച്ചിയിൽ നിന്ന് ആരിഫ് ഖാൻ, ബിഹാറിലേക്ക് പോകുന്നതിന് മുന്നോടിയായാണ് യാത്രയയപ്പ് യോഗം തീരുമാനിച്ചത്.

യാത്രയയപ്പ് യോഗം റദ്ദാക്കിയ സാഹചര്യത്തിൽ ഡിസംബര്‍ 29ന് ആരിഫ് മുഹമ്മദ് ഖാന്‍ കേരളം വിടും. ഉച്ചക്ക് 12 മണിക്ക് കൊച്ചിയിലേക്കും പിന്നീട് 3:20 ന് ദില്ലിയിലേക്കും വിമാന മാർഗം അദ്ദേഹം യാത്ര ചെയ്യും. അദ്ദേഹം ഡിസംബര്‍ 30 ന് ഉച്ചക്ക് 1.55 ന് ദില്ലിയില്‍ നിന്ന് ബീഹാർ തലസ്ഥാനമായ പട്‌നയിലേക്കുള്ള വിമാനത്തില്‍ പുറപ്പെടുമെന്നും അറിയിപ്പുണ്ട്. ജനുവരി രണ്ടിനായിരിക്കും ആരിഫ് ഖാൻ ബിഹാർ ഗവർണർ സ്ഥാനം ഏറ്റെടുക്കുക.

അതേസമയം പുതിയ കേരള ഗവർണർ രാജേന്ദ്ര അർലേക്കറും ജനുവരി രണ്ടിനാകും ചുമതലയേൽക്കും. പുതുവത്സര ദിനത്തിൽ പുതിയ ഗവർണർ കേരളത്തിലെത്തും. ഡിസംബർ 24 നാണ് കേരള ഗവർണർ സ്ഥാനത്ത് നിന്നും ആരിഫ് മുഹമ്മദ് ഖാനെ മാറ്റി, ബിഹാർ ഗവർണർ സ്ഥാനം വഹിച്ചിരുന്ന രാജേന്ദ്ര വിശ്വനാഥ് അർലേകറിനെ നിയമിക്കാൻ കേന്ദ്രം തീരുമാനിച്ചത്.

കഴിഞ്ഞ സെപ്റ്റംബർ 5 ന് ആരിഫ് മുഹമ്മദ് ഖാൻ കേരളാ ഗവർണർ പദവിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയിരുന്നു. ആരിഫ് ഖാന് പകരക്കാരനായി എത്തുന്ന രാജേന്ദ്ര വിശ്വനാഥ് അർലേകർക്ക് കടുത്ത ആർ എസ് എസ് – ബി ജെ പി പശ്ചാത്തലമാണ് ഉള്ളത്. ഗോവ മന്ത്രി സഭയിലടക്കം അംഗമായിരുന്ന രാജേന്ദ്ര വിശ്വനാഥ്, ബിഹാർ ഗവർണർ സ്ഥാനത്ത് നിന്നാണ് കേരളത്തിലേക്ക് എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് രാജേന്ദ്ര വിശ്വനാഥ്.

More Stories from this section

family-dental
witywide