തിരുവനന്തപുരം: പി വി അൻവർ എം എൽ എ ഉയർത്തിയ ഫോൺ ചോർത്തൽ ആരോപണങ്ങളിൽ കേന്ദ്ര സർക്കാർ ഇടപെടലിന് സാധ്യത. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എംഎല്‍എമാരുള്‍പ്പെടയുള്ളവരുടെയും ഫോണ്‍ എഡിജിപി എംആര്‍ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ചോര്‍ത്തിയെന്ന പിവി അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ റിപ്പോര്‍ട്ട് തേടിയതോടെയാണ് കേന്ദ്രവും രംഗത്തെത്താനുള്ള സാധ്യത ഉയരുന്നത്. അതീവഗൗരവത്തോടെയാണ് ഫോൺ ചോർത്തൽ ആരോപണത്തെ കാണുന്നതെന്നും ഗുരുതരമായ നിയമലംഘനമാണ് നടന്നതെന്നും ഗവര്‍ണര്‍ മുഖ്യമന്ത്രിക്കു നൽകിയ കത്തില്‍ വ്യക്തമാക്കി. വിഷയത്തിൽ അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണമെന്നും ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എഡിജിപിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം മന്ത്രിമാരുള്‍പ്പെടയുള്ളവരുടെ ഫോണുകള്‍ ചോര്‍ത്തുന്നുവെന്ന കാര്യങ്ങള്‍ അതീവ ഗൗരവമുള്ളതാണ്. സംസ്ഥാനത്ത് വ്യാപകമായ ഫോണ്‍ ചോര്‍ത്തുന്നുവെന്ന ആരോപിക്കുന്ന എംഎല്‍എ തന്നെ ചില ഫോണ്‍ ചോര്‍ത്തിയെന്ന് വെളിപ്പെടുത്തുന്ന ശബ്ദരേഖകള്‍ പുറത്തുവിടുന്നു. ഇത് നിയമലംഘനമാണെന്നും സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങളാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
നിയമലംഘകരും നിയമപാലകരും തമ്മില്‍ യോജിച്ച് പ്രവര്‍ത്തിക്കുന്ന സാഹചര്യം സംസ്ഥാനത്ത് നിലനില്‍ക്കുന്നു. ഇത് ജനങ്ങള്‍ക്ക് സംശയമുണ്ടാക്കുമെന്നും സംസ്ഥാന ഭരണത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്നു. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഇതേക്കുറിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ എന്തുനടപടികള്‍ സ്വീകരിച്ചുവെന്നും, അടിയന്തരമായി നടപടികള്‍ സ്വീകരിക്കേണ്ട ആവശ്യകതയും ചൂണ്ടിക്കാണിച്ചാണ് ഗവര്‍ണര്‍ കത്ത് നല്‍കിയത്.