തിരുവനന്തപുരം: കേരളത്തിലെ ലോക് സഭ തെരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെ അഞ്ച് ബില്ലുകളിൽ ഒപ്പിട്ട് ഗവർണർ. മാസങ്ങളായി പിടിച്ചുവച്ചിരുന്ന 5 ബില്ലുകളിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇപ്പോൾ ഒപ്പുവെച്ചിരിക്കുന്നത്. ഭൂപതിവ് നിയമ ഭേദഗതി ബിൽ ഉൾപ്പെടെയുള്ള ബില്ലുകൾക്കാണ് ഇപ്പോൾ ഗവർണർ പച്ചക്കൊടി കാട്ടിയത്. ഈ അഞ്ച് ബില്ലുകളിലും നേരത്തെ തന്നെ ഗവർണർക്ക് സർക്കാരുമായി അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നില്ല. എന്നാൽ ചില വ്യക്തതകൾ ആവശ്യമായിരുന്നതിനാലാണ് ബില്ലുകൾ ഗവർണർ പാസാക്കാതെ പിടിച്ചുവച്ചിരുന്നത്.
ഇടുക്കിയിലെ കർഷകർ ചില ആശങ്കകൾ ഉന്നയിച്ച സാഹചര്യത്തിൽ ഭൂഭേദഗതി ബില്ലിൽ ഗവർണർ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയിരുന്നു. ചീഫ് സെക്രട്ടറി ഇതിന് പിന്നാലെ വിശദമായ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ശേഷം അഞ്ച് മാസം പിന്നിടുമ്പോഴാണ് ഇതടക്കം അഞ്ച് ബില്ലും രാജ്ഭവൻ പാസാക്കുന്നത്. അതേസമയം യൂണിവേഴ്സിറ്റി ബില്ലടക്കം ഗവർണർക്ക് അഭിപ്രായ വ്യത്യാസമുള്ള നിരവധി ബില്ലുകൾ ഇനിയും പാസാക്കാനുണ്ട്. യൂണിവേഴ്സിറ്റി ബില്ല് നേരത്തെ തന്നെ ഗവർണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചിട്ടുണ്ട്.
Kerala governor signs 5 ‘non-controversial’ bills