തിരുവനന്തപുരം: റിയാസ് മൗലവി വധക്കേസില്‍ ആര്‍ എസ് എസുകാരായ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാൻ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതുസംബന്ധിച്ച തുടര്‍ നിയമ നടപടികള്‍ക്ക് സംസ്ഥാന സർക്കാർ എ ജിയെ ചുമതലപ്പെടുത്തി. വേഗത്തില്‍ അപ്പീല്‍ നല്‍കാനാണ് മുഖ്യമന്ത്രി നൽകിയിരിക്കുന്ന നിര്‍ദേശമെന്നാണ് വിവരം. കേസന്വേഷണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനും പൊലീസിനുമെതിരെ വലിയ വിമർശനമുയർന്ന പശ്ചാത്തലത്തിലാണ് അപ്പിൽ തീരുമാനം വേഗത്തിൽ കൊക്കൊണ്ടിരിക്കുന്നത്.
പ്രമാദമായ റിയാസ് മൗലവി കൊലക്കേസിൽ പ്രതികളായ 3 ആർഎസ്എസ് പ്രവർത്തകരെയും കോടതി വെറുതെവിട്ടത് ഇന്നലെയാണ്. അജേഷ്, നിതിൻ കുമാർ, അഖിലേഷ് എന്നിവരെ കുറ്റവിമുക്തരാക്കിക്കൊണ്ട് കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 2017 മാര്‍ച്ച് 20 നാണ് കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായ റിയാസ് മൗലവിയെ പള്ളിയില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. കുടക് സ്വദേശിയായ റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് ദിവസത്തിനകം കുറ്റവാളികള്‍ പിടിക്കപ്പെട്ടിരുന്നു. 90 ദിവസത്തിനം കുറ്റപത്രവും സമർപ്പിച്ച കേസിലാണ് ഏഴ് വർഷങ്ങൾക്കിപ്പുറം പ്രതികളെ വെറുതെവിട്ടുകൊണ്ട് കോടതി വിധി പറഞ്ഞത്.
kerala govt to give appeal against kasaragod riyas moulavi murder case verdict