‘ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കാവുന്ന പരാതികളുണ്ട്, ലഹരി ഉപയോ​ഗത്തിലും അന്വേഷണം വേണം’: ഹൈക്കോടതി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കാവുന്ന പരാതികളുണ്ടെന്ന് ഹൈക്കോടതി. പ്രത്യേക സംഘത്തിന് (എസ്ഐടി) അന്വേഷണവുമായി മുന്നോട്ടു പോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി. സിനിമ ഷൂട്ടിങ് സെറ്റുകളിലും ബന്ധപ്പെട്ട ഇടങ്ങളിലും ലഹരി, മദ്യപാന ഉപയോഗത്തെ കുറിച്ച് അന്വേഷിക്കണമെന്നും എസ്ഐടിക്ക് കോടതി നിർദേശം നൽകി. ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, സി എസ് സുധ എന്നിവരുടെ പ്രത്യേക ബെഞ്ചാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പരിശോധിച്ച ശേഷം നിരീക്ഷണം നടത്തി.

ഹേമ കമ്മിറ്റിക്കു മൊഴി നൽകിയവരുടെ പേരുകൾ ഒരുവിധത്തിലും പുറത്തു പോകരുതെന്നു പ്രത്യേകാന്വേഷണ സംഘത്തിനു കോടതി നിർദേശം നൽകി. പ്രാഥമിക വിവര റിപ്പോർട്ടിലും എഫ്ഐആറിലും പേരുകൾ മറച്ചിരിക്കണം. ഇവയുടെ പകർപ്പുകള്‍ പുറത്തു പോകില്ല എന്നുറപ്പാക്കണം. എഫ്ഐആറിന്റെ പകർപ്പ് അതിജീവിതമാർക്കു മാത്രമേ നൽകാവൂ. അന്തിമ റിപ്പോർട്ട് സമർപ്പിക്കുമ്പോൾ മാത്രമേ കുറ്റാരോപിതർക്ക് ഇതിന്റെ പകർപ്പ് നൽകാവു എന്നും ഹൈക്കോടതി പറഞ്ഞു.

ഹേമ കമ്മിറ്റി മുൻപാകെ മൊഴി നൽകിയ സാക്ഷികളിൽ ആരും എസ്ഐടിയുമായി സഹകരിക്കാനോ മൊഴി നൽകാനോ തയാറല്ല. മൊഴി നല്‍കാൻ യാതൊരു കാരണവശാലും അവർക്കുമേൽ സമ്മർദ്ദമുണ്ടാവരുതെന്നും കോടതി നിർദേശിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തശേഷം റിപ്പോർട്ടില്‍ പറഞ്ഞിരിക്കുന്ന അതിജീവിതമാരെ ബന്ധപ്പെടുകയും അവരുടെ മൊഴിയെടുക്കുകയും ചെയ്യാം. സാക്ഷികൾ സഹകരിക്കാൻ തയാറാകാതിരിക്കുകയോ അല്ലെങ്കിൽ കേസുമായി മുന്നോട്ടു പോകാനുള്ള വസ്തുതകൾ ലഭിക്കാതെ വരികയോ ചെയ്യുമ്പോൾ നിയമം അനുശാസിക്കുന്ന വിധത്തിലുള്ള നിയമനടപടികൾ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി.

More Stories from this section

family-dental
witywide