ദിലീപിന്‍റെ വാദങ്ങൾ തള്ളി, നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയുടെ നിർണായക ഉത്തരവ്; സാക്ഷിമൊഴികൾ അതിജീവിതക്ക് നൽകണം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറികാര്‍ഡ് അനധികൃതമായി പരിശോധിച്ചതുമായി ബന്ധപ്പെട്ടുള്ള അതിജീവിതയുടെ ആവശ്യങ്ങൾ അംഗീകരിച്ച് ഹൈക്കോടതി. ദിലീപിന്‍റെ വാദങ്ങൾ തള്ളിക്കൊണ്ടാണ് ഹൈക്കോടതി അതിജീവിതയുടെ ആവശ്യങ്ങൾ അംഗീകരിച്ചത്. മെമ്മറികാര്‍ഡ് അനധികൃതമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ സാക്ഷിമൊഴികള്‍ അതിജീവിതക്ക് നല്‍കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. എറണാകുളം സെഷന്‍സ് കോടതിയോടാണ് ഹൈക്കോടതി ഇക്കാര്യം നിർദ്ദേശിച്ചത്.

മെമ്മറികാര്‍ഡ് അനധികൃതമായി പരിശോധിച്ചതുമായി ബന്ധപ്പെട്ടുള്ള അതിജീവിതയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. സാക്ഷിമൊഴികള്‍ ലഭിക്കേണ്ടത് അതിജീവിതയുടെ അവകാശമാണെന്ന് ചൂണ്ടികാട്ടിയ കോടതി, അതിജീവിതയുടെ ആവശ്യം നിരസിക്കാന്‍ കാരണങ്ങളില്ലെന്നും വ്യക്തമാക്കി. അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചുവെന്ന ദിലീപിന്റെ വാദം തള്ളിക്കൊണ്ടാണ് സാക്ഷിമൊഴികൾ അതിജീവിതക്ക് നൽകാൻ ജസ്റ്റിസ് കെ ബാബു ഉത്തരവിട്ടത്. വസ്തുതാ അന്വേഷണ റിപ്പോര്‍ട്ട് രഹസ്യ റിപ്പോര്‍ട്ടല്ലെന്നും ഹൈക്കോടതി ചൂണ്ടികാട്ടി. അതിജീവിതയുടെ മറ്റ് ആവശ്യങ്ങളില്‍ മെയ് 30ന് വാദം കേള്‍ക്കുമെന്നും ജസ്റ്റിസ് കെ ബാബു അറിയിച്ചു.

More Stories from this section

family-dental
witywide