‘മതത്തിന്‍റെ പേരില്‍ എന്തുമാകാമെന്ന് കരുതരുത്’; ആനക്കാര്യത്തിൽ മാർഗ നിർദേശം ലംഘിച്ചു കൊച്ചിൻ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി: ആനകളെ എഴുന്നള്ളിക്കുന്നതിൽ മാർഗനിർദ്ദേശം ലംഘിച്ച കൊച്ചിൻ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. മതത്തിന്റെ പേരിൽ എന്തും ചെയ്യാമെന്ന് കരുതരുതെന്ന് പറഞ്ഞ കോടതി, മാർഗ നിർദ്ദേശം പാലിക്കണമെന്ന ശക്തമായ താക്കീതും നൽകി. തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട കേസിലാണ് കോടതി നിലപാട് ആവർത്തിച്ചത്.ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ചില ആളുകളുടെ ഈഗോ നടപ്പാക്കുകയല്ല വേണ്ടത്. കോടതി നിര്‍ദേശം നടപ്പാക്കണം. ദേവസ്വം ബോര്‍ഡ് ഓഫീസറോട് സത്യവാങ്മൂലം നല്‍കാനും കോടതി നിര്‍ദേശിച്ചു. സത്യവാങ്മൂലം തൃപ്തികരമല്ലെങ്കില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഹൈക്കോടതി പറഞ്ഞു.

സംസ്ഥാനത്ത് ഉത്സവ സീസൺ തുടങ്ങാനിരിക്കെ ആണ് തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ വൃശ്ചികോത്സവം കൊടിയേറിയത്. ആദ്യദിനങ്ങളിൽ മാർഗനിർദ്ദേശം പാലിച്ച് ആനകളെ എഴുന്നള്ളിച്ച ക്ഷേത്രഭരണസമിതി തുടർന്നുള്ള ദിവസം വൈകീട്ട് തന്നെ മാർഗനിർദ്ദേശം ലംഘിച്ചു. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രത്തിൽ കോടതി നിർദ്ദേശം ലംഘിക്കുന്നത് വെല്ലുവിളിയാണെന്ന് കോടതി വിലയിരുത്തി. ആനകൾ തമ്മിൽ മൂന്ന് മീറ്റർ ദൂരം വേണം, ജനങ്ങളുമായി ആനയെ 8 മീറ്റർ ദൂരത്തിൽ വേണം. തുടങ്ങിയ കോടതി നിർദ്ദേശം പാലിക്കാത്തതെന്ന് എന്തെന്ന് ചോദിച്ച കോടതി, സംഘാടകർ സാമാന്യ ബുദ്ധി കാണിക്കണമെന്നും നിർദ്ദേശിച്ചു.

മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിച്ചതിന്റെ കാരണം വിശദീകരിച്ച് ദേവസ്വം ബോർഡ് ഓഫീസറോട് സത്യവാങ്മൂലം നൽകാനും ഈ സത്യവാങ്മൂലം തൃപ്തികരമല്ലെങ്കിൽ ആവശ്യമായ നടപടികൾ എടുക്കുമെന്നും കോടതി വ്യക്തമാക്കി. രണ്ടാം തിയതി മാത്രമാണ് ആന എഴുന്നള്ളിപ്പിൽ മാർഗനിർദ്ദേശം ലംഘിച്ചതെന്ന് ഓൺലൈൻ ആയി ഹാജരായ എറണാകുളം ജില്ല കളക്ടർ കോടതിയെ അറിയിച്ചു. മഴ വന്നതിനാൽ ആണ് ആനകളെ ഒരുമിച്ച് നിർത്തേണ്ടി വന്നതെന്ന് ക്ഷേത്രം ഭാരവാഹികളും അറിയിച്ചു. എന്നാൽ 7.5 മണിക്കൂർ തുടർച്ചയായി 3 മീറ്റർ അകലം പാലിക്കാതെ ആനകളെ നിർത്തിയതിൽ ന്യായീകരണമില്ലെന്ന് കോടതി വിലയിരുത്തി. കോടതിയലക്ഷ്യം എന്ത് കൊണ്ട് ഒഴിവാക്കണമെന്ന് വിശദീകരിക്കുന്ന സത്യവാങ്മൂലം ദേവസ്വം ഓഫീസർ ഈ തിങ്കളാഴ്ച നൽകണം.

More Stories from this section

family-dental
witywide