
കൊച്ചി: ലൈംഗിക ആരോപണക്കേസില്‍പ്പെട്ട നടനും എംഎല്‍എയുമായ മുകേഷിന് താത്കാലികാശ്വാസം. അടുത്ത മാസം 3 വരെ അറസ്റ്റ് പാടില്ലെന്ന് എറണാകുളം ജില്ലാ സെഷൻസ് കോടതി നിർദ്ദേശിച്ചു. മുകേഷ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഫയലിൽ സ്വീകരിച്ച ശേഷമാണ് തല്കാലം അറസ്റ്റ് പാടില്ലെന്ന് എറണാകുളം ജില്ലാ സെഷൻസ് കോടതി നിർദ്ദേശിച്ചത്. മുകേഷ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദം സെപ്റ്റംബർ 3 ന് കേൾക്കാം എന്നും എറണാകുളം ജില്ലാ സെഷൻസ് കോടതി വ്യക്തമാക്കി.
കൊച്ചി സ്വദേശിയായ നടിയുടെ പരാതിയില്‍ മരട് പൊലീസ് തനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത പശ്ചാത്തലത്തിൽ മുൻകൂർ ജാമ്യം തേടിയാണ് മുകേഷ് കോടതിയെ സമീപിച്ചത്. ഐപിസി 376(1) (ബലാത്സംഗം), ഐപിസി 354 (സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെയുള്ള ബലപ്രയോഗം), ഐപിസി 452 (അതിക്രമിച്ച് കടക്കല്‍), ഐപിസി 509 (സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകള്‍) എന്നീ കുറ്റങ്ങള്‍ക്കാണ് മുകേഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അതേസമയം മുകേഷ് എം എൽ എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യത്തിൽ ഇടതുപക്ഷത്ത് തർക്കം മുറുകുകയാണ്. പീഡനക്കേസുകളില്‍ പ്രതികളായ കോണ്‍ഗ്രസുകാര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചിട്ടില്ലെന്നും സമാന കേസുകളില്‍ പ്രതികളായവര്‍ രാജിവെച്ചാല്‍ മാത്രം മുകേഷും പദവി ഒഴിഞ്ഞാൽ മതിയെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ അഭിപ്രായപ്പെട്ടപ്പോൾ ഇടതുപക്ഷം അങ്ങനെ ചെയ്യുന്നത് ശരിയല്ല എന്നാണ് സിപിഐ നേതാവ് ആനി രാജ പറഞ്ഞത്. കോൺഗ്രസ് നേതാക്കൾ രാജിവെക്കാത്ത സാഹചര്യത്തിൽ മുകേഷും രാജി വെക്കേണ്ട എന്ന് ഇപി പറഞ്ഞപ്പോൾ മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ആനി രാജ ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്.