എന്താണ് ഇഡി ചെയ്യുന്നത്? കരുവന്നൂർ തട്ടിപ്പിൽ അന്വേഷണം ഇഴയുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ എൻഫോഴ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ അന്വേഷണം ഇഴയുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. അന്വേഷണം തുടങ്ങിയിട്ട് എത്രനാളായെന്നും ഇനിയും വൈകുന്നത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു. ഈ കേസിൽ എന്താണ് ഇ ഡി ചെയ്യുന്നതെന്നും അന്വേഷണം ഇനിയും ഇഴയാൻ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസ് എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന നിർദ്ദേശവും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഹൈക്കോടതി നൽകി.

അതേസമയം കോടതി ഇടപെടലുകള്‍ അന്വേഷണത്തിന്‍റെ വേഗം കുറയ്ക്കുന്നതായി ഇ ഡി കോടതിയില്‍ പറഞ്ഞു. സഹകരണ രജിസ്ട്രാറെ അടക്കം ചോദ്യം ചെയ്യുന്നതിൽ കോടതി ഇടപെടലുണ്ടായി. രജിസ്ട്രാർ കോടതിയെ സമീപിച്ച് സമൻസിൽ സ്റ്റേ നേടി. സ്റ്റേ നീക്കാൻ കോടതിയെ സമീപിക്കുമെന്നും ഇ ഡി വ്യക്തമാക്കി.

എന്തായാലും അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. തന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയെന്നും അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി അലി സാബ്രി എന്ന നിക്ഷേപകൻ സമർപ്പിച്ച ഹർജിയാണ് ഇന്ന് ഹൈക്കോടതി പരിഗണിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് ഇ ഡി വിചാരണക്കോടതിയിൽ സമർപ്പിച്ച കുറ്റപത്രം ഹാജരാക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.

Kerala HC pulls up ED over inordinate delay in Karuvannur probe

More Stories from this section

family-dental
witywide