ആശ ലോറന്‍സിന് ഹൈക്കോടതിയിൽ തിരിച്ചടി, ഹർജി തള്ളി, ‘ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകാം’

കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കിയത് ചോദ്യം ചെയ്ത് മകള്‍ ആശ ലോറന്‍സ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് വിജി അരുണിന്റെ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. കളമശേരി മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ക്രിസ്ത്യന്‍ മതാചാരപ്രകാരം കതൃക്കടവ് പള്ളിയില്‍ സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആശയുടെ ഹര്‍ജി.

പിതാവിന്റെ മൃതദേഹം ആശുപത്രിക്ക് വിട്ടുനല്‍കരുതെന്നും മതാചാരപ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ആശ ലോറന്‍സ് സെപ്റ്റംബര്‍ 23-ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ ഉപദേശക സമിതി രൂപവത്കരിക്കുകയും, ഇവര്‍ മൂന്നുമക്കളുടെയും വാദം കേള്‍ക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് മൃതദേഹം വൈദ്യപഠനത്തിന് നല്‍കാമെന്ന തീരുമാനം എടുത്തത്.

ഈ തീരുമാനത്തിനെതിരെയാണ് മകള്‍ ആശ ലോറന്‍സ് ഹൈക്കോടതിയെ സമീപിച്ചത്. നടപടിക്രമങ്ങള്‍ പാലിച്ചല്ല ഹിയറിങ് നടത്തിയതെന്നായിരുന്നു ആശയുടെ ആരോപണം. മെഡിക്കല്‍ കോളജ് ഉപദേശക സമിതി മൂത്ത മകന്റെയും പാര്‍ട്ടിയുടെയും സ്വാധീനത്തിന് വഴങ്ങിയാണ് തീരുമാനമെടുത്തത്. സമിതിക്ക് മുന്നില്‍ ഹാജരായ തനിക്ക് സ്വാഭാവിക നീതി പോലും നിഷേധിക്കപ്പെട്ടു. ശരിയായ ഹിയറിങ് നടത്തി അന്തിമ തീരുമാനം കൈക്കൊള്ളണമെന്നുമായിരുന്നു ആശയുടെ വാദം.

ഏതെങ്കിലും വിധത്തില്‍ തന്റെ പിതാവ് മൃതദേഹം വൈദ്യപഠനത്തിന് നല്‍കണമെന്ന് പറഞ്ഞതിന് തെളിവില്ല. ഇക്കാര്യം മക്കളായ തങ്ങളോട് പിതാവ് ആവശ്യപ്പെട്ടല്ല. പിതാവ് കമ്യൂണിസ്റ്റ് നേതാവായിരുന്നെങ്കിലും മക്കളെല്ലാം ക്രിസ്ത്യന്‍ മതാചാരം പിന്തുടര്‍ന്നതായും പിതാവിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കണമെന്നുമായിരുന്നു ആശയുടെ വാദം.

More Stories from this section

family-dental
witywide