കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ടുള്ള സാക്ഷി മൊഴി അതിജീവിതക്ക് നൽകരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലെത്തിയ നടൻ ദിലീപിന് തിരിച്ചടി. ദിലീപ് നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിക്കളഞ്ഞു. മെമ്മറി കാർഡ് ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ട് ജില്ലാ ജഡ്ജി തയ്യാറാക്കിയ വസ്തുതാന്വേഷണ റിപ്പോർട്ടിലെ സാക്ഷി മൊഴി പകർപ്പ് അതിജീവിതക്ക് നൽകുമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ദിലീപിന്‍റെ ഹർജി തള്ളിക്കളഞ്ഞത്.
അതിജീവിതക്ക് സാക്ഷി മൊഴി നൽകാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് അപ്പീൽ ഹർജി നൽകിയ ദിലീപിന് ഇത് വലിയ തിരിച്ചടിയായി. തീർപ്പാക്കിയ ഹർജിയിൽ പുതിയ ആവശ്യങ്ങൾ പരിഗണിക്കുന്നത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നടക്കം ദിലീപ് കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ മൗലികാവകാശം ലംഘിക്കപ്പെട്ടതിനാലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും മൊഴി നൽകേണ്ടതില്ലെന്ന് പറയാൻ പ്രതിക്ക് അവകാശമില്ലെന്നുമാണ് അതിജീവിത കോടതിയിൽ വാദിച്ചത്. വസ്തുതാന്വേഷണ റിപ്പോർട്ടിലെ മൊഴികൾ അറിയാൻ ഹർജിക്കാരി എന്ന നിലയിൽ തനിക്ക് അവകാശമുണ്ടെന്നും അതിജീവിത വ്യക്തമാക്കിയിരുന്നു. ഇത് പരിഗണിച്ചാണ് ജസ്റ്റിസുമാരായ എം നഗരേഷ്, പി എം മനോജ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ദിലീപിന്‍റെ ഹർജി തള്ളിയത്.
Kerala HC rejects dileep plea against Athijeevitha Actress Attack Case latest news