തിരുവനന്തപുരം: സംസ്ഥാനത്ത് രാവിലെ മുതൽ തുടങ്ങിയ പെരുമഴയിൽ വിവിധ ജില്ലകളിൽ കനത്ത നാശനഷ്ടം. കൊച്ചിയിലും കോട്ടയത്തുമാണ് ഏറ്റവും ശക്തമായ മഴ അനുഭവപ്പെട്ടത്. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം ജില്ലകളിലും രാവിലെ മുതൽ പെരുമഴയായിരുന്നു. കനത്തമഴയിൽ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടാകുകയും മരവിണ് അപകടമുണ്ടാകുകയും ചെയ്തിട്ടുണ്ട്.
3 ജീവൻ നഷ്ടമായി
കനത്ത മഴയിൽ സംസ്ഥാനത്ത് ഇന്ന് മാത്രം മൂന്ന് പേർക്ക് ജീവൻ നഷ്ടമായി. ശക്തമായ മഴയിലും കാറ്റിലും വീട്ട് മുറ്റത്ത് നിന്ന തെങ്ങ് ദേഹത്തേക്ക് വീണ് ആലപ്പുഴയിൽ യുവാവ് മരിച്ചു. ആലപ്പുഴ കുളങ്ങര ധർമ്മപാലന്റെ മകൻ അരവിന്ദ് ആണ് മരിച്ചത്. മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാമാണ് മരിച്ചത്. എറണാകുളം വേങ്ങൂരിൽ കുളിക്കാൻ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി തോട്ടിൽ മുങ്ങി മരിച്ചു .ഐക്കരക്കുടി ഷൈബിന്റെ മകൻ എൽദോസ് ആണ് മരിച്ചത്.
കളമശേരിയിൽ മേഘവിസ്‌ഫോടനം?
കൊച്ചിയിലെ കളമശേരിയിലാണ് ഇന്ന് ഏറ്റവും ശക്തമായ മഴ അനുഭവപ്പെട്ടത്. ഇവിടുത്തെ കനത്ത മഴയ്ക്കു പിന്നിൽ മേഘവിസ്ഫോടനമെന്ന സംശയമാണ് കുസാറ്റ് അധികൃതരടക്കം പങ്കുവയ്ക്കുന്നത്. ഒന്നര മണിക്കൂറിൽ 100 എം എം വരെ മഴ പെയ്തുവെന്നാണ് കുസാറ്റ് അധികൃതർ വ്യക്തമാക്കുന്നത്.
കൊച്ചിയിൽ കാക്കനാട് ഇൻഫോപാർക്കിൽ വെള്ളക്കെട്ട് രൂക്ഷമാണ്. നഗരത്തിൽ പലയിടത്തും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്.സഹോദരന്‍ അയ്യപ്പന്‍, പാലാരിവട്ടം –കാക്കനാട്, ആലുവ – ഇടപ്പള്ളി റോഡില്‍ ഗതാഗതക്കുരുക്കുണ്ട്. ഫോര്‍ട്ട് കൊച്ചിയില്‍ കെ എസ് ആര്‍ ടി സി ബസിനു മുകളില്‍ മരം വീണ് അപകടമുണ്ടായെങ്കിലും ആര്‍ക്കും പരുക്കില്ല.
കനത്തമഴയിൽ കോട്ടയം കുറവിലങ്ങാട്ടടക്കം വെള്ളക്കെട്ട് രൂപപ്പെട്ടു. എം സി റോഡിൽ കുറവിലങ്ങാട് പള്ളിക്കവല, വൈക്കം റോഡ് പ്രദേശങ്ങളിലാണു രാവിലെ മുതലുള്ള മഴയിൽ വെള്ളക്കെട്ട് ഉണ്ടായത്. പല സ്ഥലങ്ങളിലും അരപ്പൊക്കം വെള്ളമുണ്ട്. കാറുകൾ അടക്കമുള്ള വാഹനങ്ങൾ കടന്നു പോകുന്നതിനു തടസ്സം നേരിടുന്നുണ്ട്. ഇരുചക്ര വാഹനങ്ങൾ കടന്നു പോകാനാകാത്ത അവസ്ഥയാണ്. ഇതേത്തുടർന്നു് എം സി റോഡിൽ കനത്ത ബ്ലോക്കാണ് അനുഭവപ്പെടുന്നത്.
കൊല്ലത്ത് മരുത്തടി, ശക്തികുളങ്ങര, മങ്ങാട് പ്രദേശത്ത് വീടുകളില്‍ വെള്ളം കയറി. കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം വർക്കല പാപനാശത്ത് ബലിമണ്ഡപത്തിന്റെ പിൻഭാഗത്തെ കുന്നിടിഞ്ഞു. രാവിലെ 5.30 ഓടെയാണു സംഭവം നടന്നത്. കുന്ന് അടർന്ന് വലിയ കല്ലുകൾ താഴേക്കു പതിച്ചു. തിരക്ക് ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. കാട്ടാക്കട–നെടുമങ്ങാട് റോഡിൽ വെള്ളം കയറി. നെയ്യാറ്റിൻകര പാലിയോട് മരം വീണ് വീട് തകർന്നു, ആർക്കും പരുക്കില്ല തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിന്റെ ബസിന് മുകളിൽ മരം വീണെങ്കിലും വലിയ അപകടം ഒഴിവായി.
kerala heavy rain may 28 all details here