കൊച്ചി: ഇന്ത്യൻ ഭരണഘടനയെ വിശേഷിപ്പിക്കാൻ ‘കുന്തം, കൊടച്ചക്രം’ തുടങ്ങിയ ഉപമകൾ ഉപയോഗിച്ച മന്ത്രി സജി ചെറിയാനു തിരിച്ചടി. കേസിൽ പുനരന്വേഷണത്തിനും ഹൈക്കോടതി ഉത്തരവിട്ടു. സജി ചെറിയാനെതിരെ കുറ്റം നിലനിൽക്കില്ലെന്ന പൊലീസ് റിപ്പോർട്ടും ഈ റിപ്പോർട്ട് അംഗീകരിച്ച മജിസ്ട്രേറ്റ് റിപ്പോർട്ടും ഹൈക്കോടതി തള്ളി. മന്ത്രിയെ രക്ഷിച്ചെടുക്കാൻ വേണ്ടി മാത്രമാണ് അന്വേഷണം നടത്തിയതെന്നും കോടതി പറഞ്ഞു.
സംസ്ഥാന പൊലീസ് മേധാവി ക്രൈംബ്രാഞ്ചിലെ വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണം. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് വലിയ പാളിച്ച സംഭവിച്ചിട്ടുണ്ട്. കൃത്യമായ മൊഴി രേഖപ്പെടുത്തുകയോ വേണ്ടുന്ന തെളിവുകൾ ശേഖരിക്കുകയോ ചെയ്തില്ല. വേദിയിൽ ഉണ്ടായിരുന്നവരുടെ മൊഴികൾ മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥൻ രേഖപ്പെടുത്തിയിട്ടുള്ളത് – കോടതി ചൂണ്ടിക്കാട്ടി.
സംഭവവുമായി ബന്ധപ്പെട്ട് പെൻഡ്രൈവ്, സിസിടിവി ദൃശ്യങ്ങൾ എന്നിവ ഫോറൻസിക് പരിശോധനക്ക് അയച്ചിരുന്നു. അതിന്റെയെല്ലാം ഫലം വരുന്നതിനു മുന്നേ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. കോടതി ഇതും ചൂണ്ടിക്കാട്ടി. മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗത്തിൽ ഭരണഘടനയെ അവഹേളിച്ചെന്ന കേസിൽ സജി ചെറിയാനെ കുറ്റവിമുക്തനാക്കിയാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്. സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്നും വിമർശിക്കുക മാത്രമാണ് ചെയ്തതെന്ന് റിപ്പോർട്ടിൽ പറയുന്നു.
മല്ലപ്പള്ളി സംഭവം വലിയ വിവാദമായതോടെ അദ്ദേഹം മന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. പിന്നീട് കുറ്റവിമുക്തനായതോടെ മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുകയായിരുന്നു.
“ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും. ഇതിന്റെ മുക്കിലും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങള്‍ എന്നപേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതിവെച്ചുവെന്നതല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നതുമാത്രമാണ് ഇതിന്റെ ഉദ്ദേശ്യം”- എന്നായിരുന്നു സി.പി.എം. മല്ലപ്പള്ളി ഏരിയാ കമ്മിറ്റിപരിപാടിയില്‍ മന്ത്രി സജി ചെറിയാന്‍ പറഞ്ഞത്.
കൊച്ചി സ്വദേശിയായ അഭിഭാഷകന്‍ ബൈജു നോയലാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.
Kerala High court Order against Minister Saji Cheriyan on Constitution remarks