തിരുവനന്തപുരം: ആര്‍ എല്‍ വി രാമകൃഷ്ണനെ അധിക്ഷേപിച്ചെന്ന കേസിൽ നൃത്താധ്യാപിക സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഒരാഴ്ചയ്ക്കുള്ളില്‍ നെടുമങ്ങാട് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ കീഴടങ്ങണമെന്നും നിർദേശമുണ്ട്. ഹാജരായ അന്നേ ദിവസം തന്നെ സത്യഭാമയുടെ ജാമ്യാപേക്ഷ നെടുമങ്ങാട് കോടതി പരിഗണിക്കണമെന്നും ഹൈക്കോടതി പ്രസ്താവിച്ചു.
നേരത്തെ കേസ് പരിഗണിച്ച നെടുമങ്ങാട് പട്ടിക ജാതി – പട്ടിക വർഗ പ്രത്യേക കോടതി മുൻകൂർ ജാമ്യം തള്ളിയിരുന്നു. ജാതി അധിക്ഷേപത്തിൽ തിരുവനന്തപുരം കന്‍റോണ്‍മെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നര്‍ത്തകന്‍ ആര്‍ എല്‍ വി രാമകൃഷ്ണനെതിരെ സത്യഭാമ ജാതി അധിക്ഷേപം നടത്തിയത്. സംഭവം വിവാദമായതിന് പിന്നാലെ രാമകൃഷ്ണന്‍ പോലീസില്‍ പരാതി നല്‍കി. പട്ടികജാതി -പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമം പ്രകാരം ജാമ്യമില്ലാ വകുപ്പ് ചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്.