മാസപ്പടിക്കേസ്: കുഴല്‍നാടന്റെ ഹർജിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ക്കും ഹൈക്കോടതി നോട്ടീസ്

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് ദുരൂഹ ഇടപാട് കോടതി നേരിട്ട് അന്വേഷിക്കണമെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജിയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്ക് ഹൈക്കോടതി നോട്ടിസ്. പിണറായി വിജയന് പുറമേ മകൾ വീണ വിജയൻ, സിഎംആർഎൽ തുടങ്ങി ഏഴ് എതിർകക്ഷികൾക്കാണ് നോട്ടിസ്. അന്വേഷണ ആവശ്യം നിരസിച്ച തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിനെതിരെയാണ് കുഴൽനാടൻ ഹൈക്കോടതിയെ സമീപിച്ചത്.

വിജിലൻസ് കോടതിയുടെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാത്യു കുഴല്‍നാടന്‍ ഹൈക്കോടതിയെ സമീപിച്ചത്. മാത്യു കുഴല്‍നാടന്റെ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. മാത്യു കുഴല്‍നാടന്റെ ഹര്‍ജിയില്‍ ആരോപണങ്ങള്‍ മാത്രമാണെന്നും ആരോപണം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കുന്നതില്‍ പരാതിക്കാരന്‍ പരാജയപ്പെട്ടുവെന്നുമായിരുന്നു ഹര്‍ജി തള്ളിക്കൊണ്ട് വിജിലന്‍സ് കോടതിയുടെ വിധിയില്‍ പ്രസ്താവിച്ചത്. ആരോപണങ്ങള്‍ക്ക് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും ഹര്‍ജി അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും വിധിന്യായത്തില്‍ പറഞ്ഞിരുന്നു. മാത്യു കുഴല്‍നാടന്റെ ഹര്‍ജി രാഷ്ട്രീയ പ്രേരിതമായ ആരോപണം എന്ന വാദം ശക്തിപ്പെടുത്തുന്നതാണെന്നും കോടതി വിമര്‍ശിച്ചിരുന്നു. വിജിലന്‍സ് കോടതിയുടെ ഈ നിരീക്ഷണം പുനഃപരിശോധിക്കുന്നതിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്.

മാസപ്പടി വിവാദത്തില്‍ സീരീയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ അന്വേഷണവും ആദായ നികുതി വകുപ്പിന്‍റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്‍റെയും അന്വേഷണവും നടക്കുന്നുണ്ട്.

More Stories from this section

family-dental
witywide