കേരള ഹൈക്കോടതിയിൽ റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി ജീവനക്കാർ അവതരിപ്പിച്ച നാടകത്തിൽ രാജ്യവിരുദ്ധത ആരോപിച്ച് രണ്ടു ജീവനക്കാർക്ക് സസ്പെന്ഷൻ. കേന്ദ്ര സർക്കാരിനെ പരിഹസിക്കുന്നതും, അപകീർത്തിപ്പെടുത്തുന്നതുമാണ് നാടകത്തിന്റെ ഉള്ളടക്കമെന്നാരോപിച്ച് എറണാകുളത്തെ ലീഗൽ സെൽ നൽകിയ പരാതിയിലാണ് നടപടി. സംഭവത്തിൽ. അസിസ്റ്റന്റ് രജിസ്ട്രാർ സുധീഷ് ടിഎ, കോർട്ട് കീപ്പർ സുധീഷ് പിഎം എന്നിവരെയാണ് കോടതി അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്. കേന്ദ്ര ഇന്റലിജൻസ് ബ്യുറോ അന്വേഷണമാരംഭിച്ചു. ചീഫ് ജസ്റ്റിസ് അഡ്മിനിസ്‌ട്രേറ്റീവ് റജിസ്ട്രാറോട് വിശദീകരണം തേടി. നാടകത്തിൽ പ്രധാനമന്ത്രിയെയും, സർക്കാരിന്റെ അഭിമാന പദ്ധതിയായ ജൽജീവൻ മിഷനേയും, ആസാദി കാ അമൃത് മഹോത്സവിനെയും പരിഹസിക്കുന്നുണ്ടെന്നാണ് പരാതിക്കാർ പറയുന്നത്.
കോടിക്കണക്കിന് സാധാരണക്കാർക്ക് നേരിട്ട് ഗുണം ലഭിച്ച ജൽജീവൻ മിഷനെ അവഹേളിച്ചത് പ്രധാനമന്ത്രിയെ അവഹേളിച്ചതു പോലെയാണ്.
ആസാദി കാ അമൃത് മഹോത്സവിനെ അവഹേളിച്ചെന്നാണ് മറ്റൊരു പരാതി. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഹൈക്കോടതിയും നിരവധി പരിപാടികൾ സംഘടിപ്പിച്ചിരുന്നെന്നും, അതുകൊണ്ട് സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികാഘോഷങ്ങളെ അപമാനിക്കുന്നത് കോടതിയെ കൂടി അപമാനിക്കുന്നതിനു തുല്യമാണെന്നാണ് പരാതിയിൽ പറയുന്നത്. പ്രധാനമന്ത്രിയുടെ വാക്കുകളെയും ശൈലിയെയും പരിഹസിക്കുന്നത് രാജ്യവിരുദ്ധമാണെന്നും പരാതിയിൽ പറയുന്നു.
kerala High Court suspened 2 employees for staging a Skit which makes fun of Prime Minister