ഒഹായോ: ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വിവേക് രാമസ്വാമിയുടെ മാതാപിതാക്കള്‍ക്ക് കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ‘ഋഗ്വേദം’ സമ്മാനിച്ചു.
പവിത്രമായ ഈ സമ്മാനം കൈമാറുന്നതിനു മുമ്പ് വിവേകിന്റെ പിതാവ് രാമസ്വാമി ആചാരപരമായ പൂജ നടത്തുന്നത് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ഋഗ്വേദത്തിനുള്ളിലെ ശക്തമായ ഐക്യമാത്യസൂക്തം പാരായണം ചെയ്തപ്പോള്‍ അന്തരീക്ഷം ആത്മീയതയാല്‍ നിറയുകയായിരുന്നു.
ഡേടണ്‍ ക്ഷേത്രത്തില്‍ നടന്ന ഒരു സുപ്രധാന ചടങ്ങിലാണ് വിവേകിന്റെ കുടുംബം സമ്മാനം ഏറ്റുവാങ്ങിയത്. കഴിഞ്ഞ നവംബറില്‍, വിവേക് രാമസ്വാമി തന്റെ ‘ഹിന്ദു’ വിശ്വാസത്തെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. അത് തനിക്ക് സ്വാതന്ത്ര്യം പ്രദാനം ചെയ്യുന്നുവെന്നും ധാര്‍മിക ബാധ്യതയായി ഈ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം ഏറ്റെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചുവെന്നുമാണ് വിവേക് പറഞ്ഞത്.
തെക്കുപടിഞ്ഞാറന്‍ ഒഹായോ സ്വദേശിയാണ് 38 കാരനായ വിവേക് രാമസ്വാമി. അമ്മ ഒരു വയോജന മനോരോഗ വിദഗ്ദ്ധയാണ്. അച്ഛന്‍ ജനറല്‍ ഇലക്ട്രിക്കൽസിൽ എഞ്ചിനീയറായിരുന്നു. വിവേകിന്റെ മാതാപിതാക്കള്‍ കേരളത്തില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരാണ്.