
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഇന്ന് പ്രതിഷേധ ധര്‍ണ്ണ നടക്കും. ഇതേ പ്രശ്‌നം ഉന്നയിച്ച് ഇന്നലെ കര്‍ണാടകയിലെ നേതാക്കള്‍ സമരം നടത്തിയ അതേ പന്തലിലേക്കാണ് ഇന്ന് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള നേതാക്കളും പ്രതിഷേധത്തിനായി എത്തുന്നത്.
മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരും എല്‍.ഡി.എഫ്.എം.എല്‍.എമാരും എം.പിമാരും പ്രതിഷേധ ധര്‍ണ്ണയില്‍ പങ്കെടുക്കും. രാവിലെ പത്തരയോടെ കേരള ഹൗസില്‍ നിന്നും മാര്‍ച്ചായാണ് മുഖ്യമന്ത്രിയും നേതാക്കളും ജന്തര്‍ മന്തറിലേക്ക് വരിക. സീതാറാം യെച്ചൂരി ഉള്‍പ്പടെയുള്ള മുതിര്‍ന്ന സി പി എം നേതാക്കളും ഡി എം കെ, എ എ പി പ്രതിനിധികളും പ്രതിഷേധത്തില്‍ പങ്കെടുക്കും.
കേരളത്തിന്റെ അതിജീവനത്തിനും മുന്നോട്ട് പോക്കിനും അനിവാര്യമായതിനാലാണ് പ്രക്ഷോഭത്തിന്റെ മാര്‍ഗം തിരഞ്ഞെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള സമരമാണിതെന്നും ഇന്നലെ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി വ്യക്തമാക്കി. ഒരാളെയും തോല്‍പിക്കാനുള്ള ലക്ഷത്തോടെയല്ല സമരം. തോറ്റ് പിന്മാറുന്നത് പകരം അര്‍ഹതപ്പെട്ടത് നേടിയെടുക്കുക എന്ന ലക്ഷ്യമാണ് സമരത്തിന് പിന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതിഷേധം അവസാനിപ്പിക്കും.