തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വയനാടിന്‍റെ കണ്ണീരൊപ്പാൻ കേന്ദ്രം അടിയന്തരമായി സഹായം നല്‍കണമെന്ന് നിയമസഭ. ഇതുസംബന്ധിച്ച പ്രമേയം നിയമസഭ ഏകകണ്ഠമായി പാസ്സാക്കി. മൂന്നു കാര്യങ്ങളാണ് പ്രധാനമായും പ്രമേയത്തിലുള്ളത്. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്രസഹായം അടിയന്തരമായി നല്‍കണം. ഇത് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് അത്യന്താപേക്ഷിതമാണ്. മറ്റൊന്ന് ഈ മേഖലയിലെ ആളുകള്‍ എടുത്തിട്ടുള്ള വായ്പകള്‍ എഴുതിത്തള്ളണം, വയനാട്ടിലെ ഉരുള്‍പൊട്ടല്‍ അതിതീവ്ര പ്രകൃതിദുരന്തത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്. കേന്ദ്രസഹായം വൈകുന്നതില്‍ ഭരണ-പ്രതിപക്ഷം ഒരുപോലെ വിമര്‍ശിച്ചു.
ചില സംസ്ഥാനങ്ങളില്‍ മെമ്മോറാണ്ടം നല്‍കുന്നതിനു മുമ്പേ അങ്ങോട്ട് കേന്ദ്രം സഹായം നല്‍കുന്നതായും അംഗങ്ങള്‍ വിമര്‍ശിച്ചു. സര്‍ക്കാര്‍ വിശദമായ മെമ്മോറാണ്ടം സമര്‍പ്പിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ധനസഹായം നല്‍കിയിട്ടില്ലെന്നും, കേന്ദ്രം സഹായം നല്‍കുമെന്നാണ് പ്രതീക്ഷയെന്നും അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയവെ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
വയനാട്ടിലുണ്ടായത് സമാനതകളില്ലാത്ത ദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിവിധ വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിച്ചു. ദുരന്തബാധിതര്‍ക്ക് ആവശ്യമായ സാമധനസാമഗ്രികള്‍ ഒരുക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജീകരിക്കുകയും ചെയ്തു. ദുരന്തമുണ്ടായതും രക്ഷാപ്രവര്‍ത്തനം നടന്നതുമായ സ്ഥലങ്ങളില്‍ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി. കണ്ടെത്തിയവയില്‍ തിരിച്ചറിഞ്ഞ എല്ലാ മൃതദേഹങ്ങളും ബന്ധുക്കള്‍ക്ക് കൈമാറി. തിരിച്ചറിയാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും പ്രത്യേകം സ്ഥലം ഏറ്റെടുത്ത് സംസ്‌കരിച്ചു.
ദുരന്തത്തില്‍ മരണപ്പെട്ടവരുടെ മരണ രജിസട്രേഷന്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനും, ദുരന്തബാധിതര്‍ക്ക് നഷ്ടപ്പെട്ട രേഖകളും സര്‍ട്ടിഫിക്കറ്റുകളും ലഭ്യമാക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിച്ചു. ദുരന്തബാധിതരായ 794 കുടുംബങ്ങളെ വിവിധ തദ്ദേശ സ്വയംഭരണ പരിധിയില്‍ വാടകയ്ക്ക് താമസിക്കാനാവശ്യമായ കെട്ടിടങ്ങള്‍ കണ്ടെത്തി മുഴുവന്‍ കുടുംബങ്ങളെയും പുനരധിവിസിപ്പിച്ചു. ഇവര്‍ക്ക് അത്യാവശ്യം വേണ്ട ഭക്ഷണ സാധനങ്ങള്‍ അടങ്ങിയ കിറ്റും ഫര്‍ണിച്ചര്‍ സാമഗ്രികളും നല്‍കി. ദുരന്തമേഖലയിലെ 607 വിദ്യാര്‍ത്ഥികളുടെ പഠനം പുനരാരംഭിക്കുകയും, സൗജന്യ യാത്ര ഉറപ്പാക്കുകയും പഠന സാമഗ്രികള്‍ ഉറപ്പാക്കുകയും ചെയ്തു.
ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതരായ 131 കുടുംബങ്ങള്‍ക്ക് 6 ലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ കഴിഞ്ഞു. എസ്ഡിആര്‍എഫില്‍ നിന്ന് 4 ലക്ഷവും, സിഎംഡിആര്‍എഫില്‍ നിന്ന് 2 ലക്ഷവും വീതം. ഈ ഇനത്തില്‍ എസ്ഡിആര്‍എഫില്‍ നിന്ന് 5 കോടി 24 ലക്ഷം രൂപയും സിഎംഡിആര്‍എഫില്‍ നിന്ന് 2 കോടി 62 ലക്ഷം രൂപയും ചെലവാക്കി. 173 പേരുടെ സംസ്‌കാര ചെലവുകള്‍ക്കായി 10,000 രൂപ വീതം നല്‍കി. ദുരന്തത്തില്‍ ഗുരുതരമായി പരിക്കേറ്റ് ഒരാഴ്ചയിലേറെ ആശുപത്രിയില്‍ കഴിഞ്ഞ 26 പേര്‍ക്ക് 17 ലക്ഷത്തി പതിനാറായിരം രൂപ സഹായം നല്‍കി. ദുരന്ത ബാധിതരായ 1013 കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി പതിനായിരം രൂപ വീതവും നല്‍കി. ഉപജീവനസഹായമായി ദുരന്തബാധിത കുടുംബത്തിലെ 1694 പേര്‍ക്ക് ദിവസം 300 രൂപ വീതം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.