‘കൊണ്ടു നടന്നതും നീയേ ചാപ്പ, കൊല്ലിച്ചതും നീയേ ചാപ്പ’, ഇപി മുഖ്യമന്ത്രിയുടെ മെസഞ്ചറായാണോ ജാവദേക്കറെ കണ്ടത്? ചോദ്യവുമായി സതീശൻ

കൊച്ചി: മുഖ്യമന്ത്രിയുടെ മെസഞ്ചറായാണോ ഇ പി ജയരാജന്‍ ജാവദേക്കറെ സന്ദര്‍ശിച്ചതെന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് വി ഡ‍ി സതീശൻ രംഗത്ത്. കൊണ്ടു നടന്നതും നീയേ ചാപ്പ, കൊല്ലിച്ചതും നീയേ ചാപ്പ എന്ന ഈരടിയാണ് പിണറായി ജയരാജനോട് ചെയ്തതിന് ഏറ്റവും യോജിച്ചതെന്നും സതീശൻ അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് ഇത്രയും മോശമായ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്നും തിരഞ്ഞെടുപ്പ് നടത്തിപ്പില്‍ കമ്മിഷന്‍ പൂര്‍ണ പരാജയമായെന്നും വീഴ്ചയെ കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും പറവൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവിന്‍റെ വാക്കുകൾ

സംസ്ഥാനത്ത് ഇത്രയും മോശമായ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പാണ് വേണ്ടത്. വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുകയെന്നതാണ് ഏറ്റവും പ്രധാനം. ഇന്നലെ മണിക്കൂറുകളോളം ക്യൂ നില്‍ക്കുകയും മടങ്ങി പോയി പിന്നീട് തിരിച്ചെത്തിയിട്ടും വോട്ട് ചെയ്യാനാകാത്ത സാഹചര്യമുണ്ടായി. രണ്ട് വോട്ടുകള്‍ക്ക് ഇടയിലുണ്ടായ കാലതാമസം തിരഞ്ഞെടുക്കപ്പെട്ട ബൂത്തുകളില്‍ മാത്രം ഉണ്ടായത് എന്തുകൊണ്ടാണെന്നും വിലയിരുത്തപ്പെടണം. പോളിംഗ് രാത്രി പത്തു വരെ നീളാനുള്ള കാരണമെന്താണ്? മനപൂര്‍വമായി വോട്ടിംഗ് വൈകിപ്പിച്ചതാണോയെന്ന് അന്വേഷിക്കണം. സംസ്ഥാനത്ത് വ്യാപകമായി വോട്ടിംഗ് മെഷീനുകള്‍ കേടാകുന്ന സാഹചര്യവുമുണ്ടായി. അത് നന്നാക്കാനെടുത്ത സമയമെങ്കിലും പോളിംഗില്‍ നീട്ടിക്കൊടുക്കണമായിരുന്നു. ചില സ്ഥലങ്ങളില്‍ ആവശ്യത്തിനുള്ള ഉദ്യോഗസ്ഥരും ഉണ്ടായിരുന്നില്ല. ഇക്കാര്യങ്ങളെല്ലാം അതത് സമയത്ത് അറിയിച്ചിട്ടും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്ത് നിന്നും ഒരു ഇടപെടലും ഉണ്ടായില്ല. ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ് ആവശ്യപ്പെടുന്നു. കേരളത്തില്‍ ഒരിക്കലും ഇതുപോലൊരു തിരഞ്ഞെടുപ്പ് നടക്കാന്‍ പാടില്ല. നിരവധി പേര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കാതെ വീടുകളിലേക്ക് പോകേണ്ടി വന്നത് എന്തുകൊണ്ടാണ്. കോടികള്‍ ചെലവഴിച്ച് ജനങ്ങളെ വോട്ട് ചെയ്യാന്‍ പ്രേരിപ്പിച്ചു കൊണ്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ക്യാമ്പയിനുകളും പരസ്യങ്ങളും ചെയ്തിട്ടാണോ വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കാതിരുന്നത്. വര്‍ഷങ്ങളായി ചിട്ടയോടെ തിരഞ്ഞെടുപ്പ് നടത്തിയിട്ടുള്ള പാരമ്പര്യം നമ്മുടെ രാജ്യത്തിനുണ്ട്. അതാണ് ഇന്നലെ ഇല്ലാതാക്കിയത്. ആര്‍ക്കും ഉത്തരവാദിത്തം ഇല്ലാത്ത രീതിയിലേക്കാണ് പോയത്. അതുകൊണ്ട് തന്നെ ഇതേക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തണം.

ഡബിള്‍ വോട്ടിംഗും മരിച്ചവരുടെ പേര് ഒഴിവാക്കാത്തതിന്റെയും ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് കമ്മിഷനാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ കേരളത്തില്‍ ദയനീയമായി പരാജയപ്പെട്ടു. ഇത്രയും ബി.എല്‍.ഒമാര്‍ ഉണ്ടായിട്ടും കുറ്റമറ്റ വോട്ടര്‍പട്ടിക തയാറാക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ്? മരിച്ചവരുടെയും പേര് നീക്കം ചെയ്യാത്ത ബി.എല്‍.ഒമാര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടേ? കുറെ ഉദ്യോഗസ്ഥര്‍ തോന്നിയ പോലെയാണ് വോട്ടര്‍പ്പട്ടികയുണ്ടാക്കിയത്.

സി.പി.എം ജീര്‍ണതയിലേക്കാണ് പോകുന്നത്. ഇത്രമാത്രം ജീര്‍ണത ബാധിച്ച പാര്‍ട്ടിയായി സി.പി.എം മാറിയോ. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ബി.ജെ.പിയുമായി ചര്‍ച്ച നടത്തി കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നു. അതിനു വേണ്ടി ബി.ജെ.പി ജയിപ്പിക്കാന്‍ ഒത്താശ ചെയ്യുന്നു. പ്രകാശ് ജാവദേക്കറെ ജയരാജന്‍ കണ്ടതിനെയല്ല മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത്. ഇ.പി ജയരാജനും നന്ദകുമാറും തമ്മിലുള്ള ബന്ധം മാതമാണ് മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത്. പ്രകാശ് ജാവദേക്കറെ കണ്ടാല്‍ എന്താ കുഴപ്പമെന്നാണ് മുഖ്യമന്ത്രി ന്യായീകരിച്ചത്. ഞാനും എത്രയോ വട്ടം കണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. എല്‍.ഡി.എഫ് കണ്‍വീനറും കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി ജയരാജന്‍ കേരളത്തിലെ തിരഞ്ഞെടുപ്പ് ചുമതലയുള്‌ല ബി.ജെ.പി പ്രഭാരിയെ കാണേണ്ട ആവശ്യം എന്തായിരുന്നു? ബിസിനസ് ഡീലാണോ പൊളിറ്റിക്കല്‍ ഡീല്‍ ആണോയെന്ന് വ്യക്തമാക്കണം. ലാവലിന്‍, മാസപ്പടി കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രിയുടെ മെസഞ്ചര്‍ ആയാണോ ഇ.പി ജയരാജന്‍ ജാവദേക്കറുമായി സംസാരിച്ചത്? അതുകൊണ്ടാണ് ജയരാജന്‍ ജാവദേക്കര്‍ കൂടിക്കാഴ്ച പിണറായി വിജയന്‍ തള്ളിപ്പറയാത്തത്.

2021 ലും ബി.ജെ.പി സി.പി.എമ്മിനെ സഹായിച്ചിട്ടുണ്ട്. ഈക്കാര്യം ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ മുന്‍ എഡിറ്റര്‍ ബാലശങ്കര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അതുപോലെ സഹായിക്കാനുള്ള ധാരണയാണ് ഈ തിരഞ്ഞെടുപ്പിലും നടത്തിയത്. കരുവന്നൂരിലും മാസപ്പടിയിലും ഇ.ഡി കടുപ്പിച്ച അന്വേഷണം എന്തായി? ഭീഷണിപ്പെടുത്തി വോട്ട് അപ്പുറത്തേക്ക് ചെയ്യിക്കാനുള്ള കടുപ്പിക്കല്‍ മാത്രമായിരുന്നു. സി.എം.ആര്‍.എല്ലിനെ കുറിച്ച് പ്രധാനമന്ത്രി പ്രസംഗിച്ചിട്ടും ശശിധരന്‍ കര്‍ത്തയെ ചോദ്യം ചെയ്തതോടെ അന്വേഷണം അവസാനിപ്പിച്ചു. പണം കൈപ്പറ്റിയവര്‍ക്കെതിരായ അന്വേഷണം തിരഞ്ഞെടുപ്പിന് മുന്‍പ് അവസാനിപ്പിച്ചു. അന്വേഷണം കടുപ്പിച്ചതിന്റെ പേരില്‍ സി.പി.എമ്മിന്റെ കഴുത്തില്‍ പിടിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ആ ഡീലാണ് ഇവിടെ നടന്നത്. ഇ.പി ജയരാജന്‍ എല്‍.ഡി.എഫിന്റെ കണ്‍വീനറാണോ എന്‍.ഡി.എയുടെ കണ്‍വീനറാണോയെന്ന പ്രതിപക്ഷത്തിന്റെ ചോദ്യം ശരിവയ്ക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ നടന്നത്. കൂട്ടുപ്രതിയെ ഒറ്റുകൊടുത്ത് മുഖ്യമന്ത്രി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. എന്തിനാണ് പ്രകാശ് ജാവദേക്കറുമായി മുഖ്യമന്ത്രിയും നേതാക്കളും ചര്‍ച്ച ചെയ്തതെന്ന് സി.പി.എം വ്യക്തമാക്കണം. ഡീല്‍ എന്തായിരുന്നെന്ന് ജനങ്ങള്‍ അറിയണം. ചര്‍ച്ച നടത്തണമെന്നത് സി.പി.എമ്മിന്റെ ഔദ്യോഗിക തീരുമാനമാണോ? കൊണ്ടു നടന്നതും നീയേ ചാപ്പ, കൊല്ലിച്ചതും നീയേ ചാപ്പ എന്ന ഈരടിയാണ് ഇ.പി ജയരാജനോട് പിണറായി ചെയ്തതിന് ഏറ്റവും ചേരുന്നത്.

നന്ദകുമാറിന്റെ അമ്മയുടെ പിറന്നാളിന് വീട്ടില്‍ പോയി ഷാളണിയിച്ച ജയരാജനാണ് നന്ദകുമാറിനെ അറിയില്ലെന്നു പറഞ്ഞത്. നന്ദകുമാറുമായി ജയരാജന് ബന്ധമുണ്ടെന്ന് പിണറായിക്ക് അറിയാം. എന്നിട്ടാണ് മുഖ്യമന്ത്രി നന്ദകുമാറുമായുള്ള ബന്ധം തള്ളിപ്പറഞ്ഞത്. ഇത് നാടകമാണ്.

ഇരുപതില്‍ ഇരുപത് സീറ്റിലും യു.ഡി.എഫ് വിജയിക്കും. ഒരു സീറ്റിലെങ്കിലും ജയിക്കുമെന്ന് പറയാന്‍ സി.പി.എമ്മിനോ ബി.ജെ.പിക്കോ സാധിക്കുമോ? കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ യു.ഡി.എഫ് പ്രചരണം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. പ്രധാനമന്ത്രി വിദ്വേഷത്തിന്റെ കാമ്പയിനാണ് നടത്തുന്നതെന്നും കേരള സര്‍ക്കിനെതിരെ ജനരോഷവും പ്രതിഷേധവും ഉണ്ടെന്നുമാണ് യു.ഡി.എഫ് പറഞ്ഞത്. ഇന്നലെ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി പൊട്ടിത്തെറിച്ചു. സര്‍ക്കാരിനെതിരായ ജനവികാരം മറച്ചുവയ്ക്കാനാണ് മുഖ്യമന്ത്രി എല്ലാ ദിവസവും സി.എ.എയെ കുറിച്ച് പറഞ്ഞുകൊണ്ടിരുന്നത്. സി.പി.എം- ബി.ജെ.പി അവിഹിത ബന്ധവും തുറന്നു കാട്ടാനായി. കേന്ദ്രത്തില്‍ കോണ്‍ഗ്രസാണ് അധികാരത്തില്‍ വരേണ്ടതെന്നും ജനങ്ങളെ ബോധ്യപ്പെടുത്താനായി. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും ബി.ജെ.പി നേതാവും തമ്മില്‍ ബിസിനസ് നടത്തുകയാണ്. ഇതൊക്കെയായിരിക്കും യു.ഡി.എഫിനെ വിജയത്തിലേക്ക് എത്തിക്കുന്നത്. ഇരുപതില്‍ ഇരുപതും ജയിക്കുന്നത് യു.ഡി.എഫിന്റെ ടീം വര്‍ക്കിലായിരിക്കും. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതു മുതല്‍ യു.ഡി.എഫില്‍ ഒരു അപസ്വരവും ഉണ്ടായിട്ടില്ല. അതിന്റെ അഭിമാനത്തിലും സന്തോഷത്തിലുമാണ് യു.ഡി.എഫ് നേതൃത്വം.

Kerala Opposition Leader V.D. Satheesan alleges that E.P. Jayarajan met Prakash Javadekar at CM’s instance

More Stories from this section

family-dental
witywide