മലങ്കര സഭ തർക്കത്തിന് അവസാനമാകുന്നോ? ഐക്യ ആ​ഹ്വാനവുമായി ഓർത്തഡോക്സ് സഭാധ്യക്ഷൻ, അനുകൂല മറുപടിയുമായി യാക്കോബായ സഭ

കൊച്ചി: മലങ്കര സഭയിൽ ഐക്യ ആഹ്വാനം നടത്തിയ ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാക്ക് അനുകൂല മറുപടിയുമായി യാക്കോബായ സഭാ മീഡിയ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് രംഗത്തെത്തി. ഓർത്തഡോക്സ് യാക്കോബായ സഭകൾ തമ്മിൽ ഐക്യം ഉണ്ടാകണമെന്നാണ് രാവിലെ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ആവശ്യപ്പെട്ടത്. കുറ്റങ്ങളും കുറവുകളും മറന്ന് ഐക്യം ഉണ്ടാകണം. മലങ്കര സഭയിൽ വ്യവസ്ഥാപിത സമാധാനത്തിന് ഓർത്തഡോക്സ് സഭാധ്യക്ഷൻ ആഹ്വാനം ചെയ്തു. പെരുമ്പാവൂരിൽ നടന്ന മലങ്കര വർഗീസ് അനുസ്മരണ യോഗത്തിലായിരുന്നു കാതോലിക്കാ ബാവയുടെ ഐക്യ ആഹ്വാനം.

നൂറ്റാണ്ടു പഴക്കമുള്ള മലങ്കര സഭാ തർക്കം ശാശ്വതവും സമാധാനപരവുമായി തീരണമെന്നാണു യാക്കോബായ സഭ എന്നും ആഗ്രഹിക്കുന്നതെന്ന മറുപടിയാണ് യാക്കോബായ സഭാ മീഡിയ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് നൽകിയിരിക്കുന്നത്. ഇത് വളരെ പോസിറ്റീവാണ് ഏവരും കാണുന്നത്. ഐക്യത്തിനായി സർക്കാരും സാമുദായിക നേതാക്കളും ഇതുവരെ നടത്തിയ ശ്രമങ്ങളിലെല്ലാം സഭ പൂർണമായി സഹകരിച്ചു പിന്തുണ നൽകിയിട്ടുണ്ട്. ഐക്യം ഒന്ന് ഒന്നിൽ ലയിക്കുന്നതാണെങ്കിൽ അതു പ്രശ്നങ്ങളുണ്ടാക്കും.

ഒരു സഭ മാർത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തിന്റെ പൈതൃകം അവകാശപ്പെടുന്ന ഇന്ത്യൻ ഓർത്തഡോക്സ് സഭ എന്ന പേരിൽ ഓർത്തഡോക്സ് കാതോലിക്കാ ബാവാ പരമാധ്യക്ഷനായ സഭയാണ്. മറ്റൊന്നു പരിശുദ്ധ പാത്രിയർക്കീസ് ബാവാ തലവനായ വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിന്റെ പിന്തുടർച്ചയുള്ള ഓർത്തഡോക്സ് സുറിയാനി സഭയുടെ ഭാഗമായ യാക്കോബായ സുറിയാനി സഭയാണ്. ഇവ രണ്ടും 2 ഭരണ സംവിധാനങ്ങളായി പതിറ്റാണ്ടുകളായി മുന്നോട്ടു പോകുകയാണെന്നും ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് വിവരിച്ചു.

More Stories from this section

family-dental
witywide