ഭാരതീയ ന്യായ് സംഹിത പ്രകാരം കേരളത്തിൽ ആദ്യ കേസ് മലപ്പുറത്ത്; ഹെൽമെറ്റില്ലാ യാത്രക്ക്!

മലപ്പുറം: പുതുതായി നിലവിൽ വന്ന ഭാരതീയ ന്യായ സംഹിത പ്രകാരം കേരളത്തിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലാണ് ഭാരതീയ ന്യായ സംഹിത പ്രകാരം കേരളത്തിൽ ആദ്യ എഫ് ഐ ആറിട്ടിരിക്കുന്നത്. നിയമം പ്രാബല്യത്തിലായ പുലർച്ചെ 12 മണിക്ക് തൊട്ടുപിന്നാലെ12:20 ന് ആണ് കൊണ്ടോട്ടി പൊലീസ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. ഇരുച്ചക്ര വാഹനത്തിൽ ഹെൽമറ്റില്ലാതെ സഞ്ചരിച്ച യുവാവിനെതിരെയാണ് കേസ് എടുത്തതെന്ന് കേരള പൊലീസ് ഫേസ്ബുക്ക് കുറിപ്പിലൂടെ വിവരിച്ചിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് കേരള പൊലീസ് പറയുന്നതിങ്ങനെ

പുതുതായി നിലവിൽ വന്ന ഭാരതീയ ന്യായസംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യത്തെ എഫ് ഐ ആർ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു. ഇന്നു വെളുപ്പിന് 12:20 ന് ആണ് കേസ് രജിസ്റ്റർ ചെയ്തത്. അശ്രദ്ധമായും മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയിലും ഇരുചക്രവാഹനം ഓടിച്ചതിന് കൊണ്ടോട്ടി പോലീസ് സ്വമേധയയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായസംഹിത 2023 ലെ വകുപ്പ് 281, മോട്ടോർ വെഹിക്കിൾ ആക്ട് 1988 ലെ വകുപ്പ് 194 D എന്നിവ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പുതുതായി നിലവിൽ വന്ന ഭാരതീയ നാഗരിക സുരക്ഷാസംഹിതയിലെ വകുപ്പ് 173 പ്രകാരമാണ് എഫ്ഐ ആർ തയ്യാറാക്കിയത്.

More Stories from this section

family-dental
witywide