പുൽപ്പള്ളി സംഘർഷത്തിൽ പൊലീസ് കേസെടുക്കും, ജാമ്യമില്ല വകുപ്പും ചുമത്തും; ദൃശ്യങ്ങൾ പരിശോധിക്കുന്നു

പുൽപ്പള്ളി: വന്യജീവി ആക്രമണം രൂക്ഷമായതിൽ പ്രതിഷേധിച്ച് വയനാട് ഇന്ന് നടന്ന ഹർത്താലിനിടെയുള്ള സംഘർഷങ്ങളിൽ പൊലീസ് കേസെടുക്കും. പുൽപ്പള്ളിയിലെ അക്രമ സംഭവങ്ങളിൽ ജാമ്യമില്ല വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് എടുക്കുക. വനം വകുപ്പിന്‍റെ വാഹനം ആക്രമിച്ചു, വനം വകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ചു, മൃതദേഹം തടഞ്ഞു, പൊലീസ് ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞു തുടങ്ങിയ കുറ്റങ്ങൾക്കായിരിക്കും കേസെടുക്കുക. പുൽപ്പള്ളിയിൽ നടന്ന സംഘർഷങ്ങളുടെ ദൃശ്യങ്ങൾ പരിശോധിക്കുകയാണ് പൊലീസ്. ഇതിന് ശേഷമായിരിക്കും പ്രതികളെ കണ്ടെത്തി കേസ് ചുമത്തുക. അതേസമയം വയനാട്ടിൽ തുടര്‍ച്ചയായി ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങളിൽ പ്രതിഷേധിച്ച് പ്രഖ്യാപിച്ച ഹർത്താലിനിടെ ജന രോഷം അണപൊട്ടിയൊയുകുന്ന കാഴ്ചയാണ് ഇന്ന് കാണാനായത്. കഴിഞ്ഞ ദിവസം കാട്ടാന ചവിട്ടിക്കൊന്ന പാക്കം സ്വദേശി പോളിന്‍റെ മൃതദേഹവുമായി പുൽപ്പള്ളിയിൽ ജനക്കൂട്ടം മണിക്കൂറുകൾ പ്രതിഷേധിച്ചു. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പുൽപള്ളി പഞ്ചായത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രതിഷേധക്കാര്‍ വനംവകുപ്പിന്‍റെ ജീപ്പ് തടഞ്ഞു. വാഹനത്തിന് മുകളിൽ വനം വകുപ്പിന് റീത്ത് വച്ചു. ടയറിന്‍റെ കാറ്റഴിച്ചു വിട്ടു. റൂഫ് വലിച്ചു കീറി. കേണിച്ചിറയിൽ കടുവ പിടിച്ച പശുവിന്‍റെ ജഡം ജീപ്പിന് മുകളിൽ കെട്ടിവച്ചു. പൊലീസ് വാഹനവും തടഞ്ഞു. പൊലീസുമായി ഉന്തും തള്ളുമുണ്ടായി. പോളിന്റെ ആശ്രിതർക്ക് സർക്കാർ ജോലി, അർഹമായ ധനസഹായം എന്നിവ ഉറപ്പാക്കണം എന്നാണ് ആവശ്യം. ശുപാർശ പറ്റില്ലെന്നും ഉറപ്പ് വേണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. വ്യക്തമായ ഉറപ്പ് കിട്ടാതെ പിന്നോട്ടില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. മൃതദേഹവുമായി പ്രതിഷേധിക്കുന്ന സ്ഥലത്ത് എത്തിയ എംഎൽഎമാർക്ക് നേരെ ജനം കുപ്പിയെറിഞ്ഞു. തടയാൻ ശ്രമിച്ച പൊലീസിന് നേരെ കല്ലും കസേരയുമെറിഞ്ഞു. പിന്നാലെ പൊലീസ് ലാത്തിചാർജ് നടത്തി. പ്രദേശത്ത് രണ്ട് ദിവസം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

Kerala Police registers case against pulpally protest

More Stories from this section

family-dental
witywide