‘കത്തിക്കണം, വയനാട് കത്തിക്കണം’, പോളിന്‍റെ മരണത്തിന് പിന്നാലെ ശബ്ദ സന്ദേശം; കലാപാഹ്വാനത്തിന് പൊലീസ് കേസെടുത്തു

കൽപ്പറ്റ: കുറുവയിൽ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ വെള്ളച്ചാലില്‍ പോള്‍ മരിച്ചതിന് പിന്നാലെ വയനാട് കത്തിക്കണമെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ശബ്ദ സന്ദേശത്തിനെതിരെ പൊലീസ് കേസെടുത്തു. കലാപാഹ്വാനത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എയര്‍ ആംബുലന്‍സ് മാറ്റി രോഗിയെ രണ്ടാമതും എമര്‍ജന്‍സി ശസ്ത്രക്രിയക്ക് കയറ്റിയതായും എന്തെങ്കിലും സംഭവിച്ചാല്‍ വയനാട് കത്തിക്കണം എന്നും അതിനായി എല്ലാവരും ഒരുങ്ങിയിരിക്കണമെന്നും പറയുന്ന ശബ്ദ സന്ദേശമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പോൾ മരിക്കുന്നതിന് മുമ്പ് ആരോ ഉണ്ടാക്കിയ ശബ്ദ സന്ദേശമാണ് ഇതെന്നാണ് വിലയിരുത്തൽ. ശബ്ദ സന്ദേശത്തിന്‍റെ ഉടമയെയും ഇത് പ്രചരിപ്പിച്ചവരെയും കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി. സന്ദേശം സോഷ്യൽ മീഡയയിൽ ഷെയർ ചെയ്യാതിരിക്കണമെന്നും മറിച്ചുണ്ടായാൽ നടപടിയുണ്ടാകുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പോളിനെ മാനന്തവാടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച പശ്ചാത്തലത്തിലുള്ളതാണ് ശബ്ദ സന്ദേശമെന്ന് വ്യക്തമായിട്ടുണ്ട്. ശബ്ദ സന്ദേശം വ്യാപകമായി പ്രചരിപ്പിച്ചതിനെതിരെ മാനന്തവാടി പൊലീസ് സ്വമേധയാ ആണ് കേസെടുത്തിരിക്കുന്നത്. അതേസമയം കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ വെള്ളച്ചാലില്‍ പോള്‍ (50) മരിച്ച സംഭവത്തിന് പിന്നാലെ നാളെ പ്രമുഖ രാഷ്ട്രീയ പാർട്ടികളെല്ലാം വയനാട്ടില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ആദ്യം യു ഡി എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ എല്‍ ഡി എഫും ബി ജെ പിയും ഹര്‍ത്താൽ പ്രഖ്യാപിക്കുകയായിരുന്നു. കാട്ടാന ആക്രമണത്തിൽ 17 ദിവത്തിനിടയിൽ 3 പേർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടുള്ള ഹർത്താൽ നാളെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയായിരിക്കും.

Kerala Police registers FIR on riot charges against audio message spreading on social media

More Stories from this section

family-dental
witywide