സൗത്ത് ഫ്ലോറിഡ: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡയുടെ ഈ വർഷത്തെ ഓണാഘോഷം നാളെ (ഓഗസ്റ്റ് 24 ശനിയാഴ്ച്ച) വൈകീട്ട് 5 മണിക്ക് കൂപ്പർ സിറ്റി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ഓണോത്സവം – 24 വൻ ആഘോഷമാക്കി മാറ്റുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി സംഘാടകർ പറഞ്ഞു.
വിഭവസമൃദ്ധമായ ഓണസദ്യയോടെ തുടക്കമാവുന്ന ആഘോഷ പരിപാടികളിൽ ചെണ്ടമേളത്തിൻ്റെയും, തലപൊലികളുടെയും അകമ്പടിയോടെ മാവേലി മന്നനെ വരവേറ്റു കൊണ്ട് വർണശബളമായ ഘോഷയാത്ര നടക്കും. കേരളത്തനിമ വിളിച്ചോതി കൊണ്ട് തിരുവാതിര വേദിയിൽ അരങ്ങേറും. ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കുന്നവരിൽ നിന്നും ഭാഗ്യശാലികളായവർക്ക് ഒരു പവൻ തൂക്കം വരുന്ന രണ്ട് സ്വർണ നാണയങ്ങളും മറ്റ് അനവധി ആകർഷകമായ സമ്മാനങ്ങളും നൽകുമെന്ന് സംഘാടകർ അറിയിച്ചു.
പ്രായഭേദമന്യേ സൗത്ത് ഫ്ലോറിഡയിലെ മലയാളികൾ കൂട്ടായ്മയായി അണിയിച്ചൊരുക്കുന്ന കലാസന്ധ്യ വൈവിധ്യമാർന്ന കലാപരിപാടികളുടെ സംഗമവേദിയാകും.ജന്മനാട്ടിലെ ഓണാഘോഷത്തിന്റെ തനിമ പുതുതലമുറക്ക് പകർന്ന് നൽകാനായി ഓണപൂക്കളമൊരുങ്ങും. ഓണക്കോടിയുടുത്ത് എത്തുന്ന കുടുംബങ്ങൾക്ക് ആഘോഷം അവിസ്മരണീയമാക്കാൻ ഫോട്ടോ ബൂത്തും ഒരുക്കുന്നുണ്ട്.
ഷിബു ജോസഫ് – പ്രസിഡൻറ് , ജോസ് വെമ്പാല – വൈസ് പ്രസിഡൻറ് , നിബു പുത്തേത്ത് -സെക്രട്ടറി, ജെറാൾഡ് പെരേര- ട്രഷറർ , നോയൽ മാത്യു – ജോയിന്റ് സെക്രട്ടറി, അജി വർഗീസ് ജോയിന്റ് ട്രഷറർ കമ്മറ്റി അംഗങ്ങളായ ജിനി ഷൈജു, സുമ ബിജു, അരുൺ പൗവ്വത്തിൽ , ജോബി കോട്ടം, ജോസ് തോമസ്, മാമൻ പോത്തൻ, മാത്യു കിഴക്കേടം, നിധീഷ് ജോസഫ്, രതീഷ് ഗോവിന്ദ്, ജോസ് വടാപറമ്പിൽ – എക്സ്. ഒഫീഷ്യ , ബിജു ജോൺ – പ്രസിഡന്റ് എലെക്ട് എന്നിവരുടെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മറ്റിയും കേരള സമാജത്തിന്റെ സജീവ പ്രവർത്തകരും ആഘോഷ പരിപാടികൾ വർണ്ണവിസ്മയമാക്കാൻ അണിയറയിൽ പ്രവർത്തിക്കുന്നു.