കേരളത്തിൽ അതിതീവ്ര മഴ തുടരുന്നു, നാളെ 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു, അറിയേണ്ടതെല്ലാം

കോഴിക്കോട്: അതിതീവ്ര മഴ മുന്നറിയിപ്പിന്‍റെയടക്കം പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നാളെ 8 ജില്ലകളിൽ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, പാലക്കാട്, ഇടുക്കി, വയനാട്, ആലപ്പുഴ, തൃശൂർ, കോട്ടയം, കണ്ണൂർ ജില്ലാ കളക്ടർമാരാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചത്. കണ്ണൂരിൽ കോളേജുകൾക്ക്‌ അവധി ഉണ്ടായിരിക്കില്ല. ഇന്ന് സംസ്ഥാനത്ത് കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ റെ‍ഡ് അലർട്ട് തുടരുകയാണ്. നിലവിൽ നാളെ ഒരു ജില്ലയിലും റെഡ് അലർട്ട് പ്രഖ്യാപിട്ടില്ല. പക്ഷേ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും നാളെ പ്രഖ്യാപിച്ചിട്ടുണ്ട്.

കോഴിക്കോട് കളക്ടറുടെ അവധി അറിയിപ്പ്

അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂലൈ 17) ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല.

പാലക്കാട് കളക്ടറുടെ അവധി അറിയിപ്പ്

കനത്ത കാലവർഷത്തിൻ്റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകളും അംഗണവാടികളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 17ന്) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. സ്വകാര്യ ട്യൂഷൻ സെൻ്ററുകൾ ഉൾപ്പെടെ ക്ലാസുകൾ ഒഴിവാക്കേണ്ടതാണ്.

ഇടുക്കി കളക്ടറുടെ അവധി അറിയിപ്പ്

ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. ശക്തമായ കാറ്റും മണ്ണിടിയുന്നത് മൂലം ഗതാഗത തടസ്സം എന്നിവ കണക്കിലെടുത്ത് നാളെ (ബുധൻ) അങ്കണവാടികൾ, മദ്രസ, കിൻഡർ ഗാർഡൻ, എന്നിവയ്ക്കും അവധിയായിരിക്കുമെന്ന് കളക്ടർ ഷീബ ജോർജ് അറിയിച്ചു. ട്യൂഷൻ സെൻററുകൾ ഒരു കാരണവശാലും പ്രവർത്തിക്കാൻ പാടില്ല. പൂർണ്ണമായും റസിഡൻഷ്യൽ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ലെന്നും മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും കളക്ടർ അറിയിച്ചു.

വയനാട് കളക്ടറുടെ അവധി അറിയിപ്പ്

ജില്ലയിൽ കാലവർഷം ശക്തമായ സാഹചര്യത്തിൽ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 17) ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. എം.ആർ.എസ് സ്കൂളുകൾക്ക് അവധി ബാധകമല്ല.

ആലപ്പുഴ കളക്ടറുടെ അവധി അറിയിപ്പ്

ശക്തമായ മഴയും വെള്ളക്കെട്ടും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ജില്ലയിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ( ബുധനാഴ്ച) ജില്ല കളക്ടർ അവധി പ്രഖ്യാപിച്ചു. പരീക്ഷകൾക്ക് ഇത് ബാധകമല്ല.

കോട്ടയം കളക്ടറുടെ അവധി അറിയിപ്പ്

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച ( ജൂലൈ 17) ജില്ലാ കളക്ടർ വി. വിഗ് നേശ്വരി അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

കണ്ണൂർ കളക്ടറുടെ അവധി അറിയിപ്പ്

കണ്ണൂർ ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിൽ അതിശക്തമായ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. കാലവർഷക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാൽ നാളെ അതി തീവ്രമഴയ്ക്കുള്ള ഓറഞ്ച് അലെർട്ട് മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയ്ക്ക് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 17, 2024 ബുധനാഴ്ച) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അവധി മൂലം നഷ്ട്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ്. കോളേജുകൾക്ക് നാളത്തെ അവധി ബാധകമല്ല. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.

തൃശൂർ കളക്ടറുടെ അവധി അറിയിപ്പ്

ജില്ലയിൽ മഴയും പല സ്ഥലങ്ങളിൽ വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തിലും മണ്ണിടിച്ചിലിനുള്ള സാധ്യതയും കണക്കിലെടുത്ത് നാളെ (ജൂലൈ 17) ബുധനാഴ്ച ജില്ലയിലെ പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. പൂർണമായും റസിഡൻഷ്യലായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല

More Stories from this section

family-dental
witywide