
തിരുവനന്തപുരം: കോഴ ആരോപണങ്ങളും കൂട്ടത്തലും നിയന്ത്രിക്കാനാകാതായതോടെ കേരള സർവകലാശാല യുവജനോത്സവം നിർത്തിവച്ചു. സർവകലാശാല വൈസ് ചാന്‍സിലറാണ് യുവജനോത്സവം നിർത്തിവക്കാൻ നിർദേശം നൽകിയത്. സർവകലാശാല യൂണിയന്‍റെ ചരിത്രത്തിലെ തന്നെ വലിയ നാണക്കേടാണ് ഇത്. തിരുവനന്തപുരത്ത് അരങ്ങുണർന്ന യുവജനോത്സവം ആദ്യ ദിവസം മുതൽ തന്നെ വിവാദങ്ങളിൽപ്പെട്ടിരുന്നു. ആദ്യം കോഴ ആരോപണങ്ങളാണ് യുവജനോത്സവത്തിന് നാണക്കേടായതെങ്കിൽ പിന്നീട്, കൂട്ടത്തല്ലുകളായിരുന്നു നാണക്കേട് സമ്മാനിച്ചത്.
യുവജനോത്സവം നിർത്തിവക്കാൻ വി സി നിർദ്ദേശിച്ചതോടെ ഇനിയുള്ള മത്സരങ്ങൾ നടത്താനാകില്ല. ഇതുവരെ ഫലം പ്രഖ്യാപിക്കാത്ത മത്സരങ്ങളും അസാധുവാകും. യുവജനോത്സവത്തിന്റെ സമ്മാപന സമ്മേളനവും സമ്മാനദാനവുമടക്കം ഉണ്ടാകില്ലെന്നും സർവകലാശാല അറിയിച്ചു.
സെനറ്റ് ഹാളും യൂണിവേഴ്സിറ്റി കോളേജടക്കം വിവിധ വിവിധ കോളേജുകളിലായി നടന്നുവന്ന യുവജനോത്സവത്തിൽ നിരവധി തവണയാണ് എസ് എഫ് ഐ – കെ എസ് യു പ്രവർത്തകർ ഏറ്റുമുട്ടിയത്. എസ് എഫ് ഐയുടെ കോട്ടകളായ കോളേജുകളിൽ നടക്കുന്ന യുവജനോത്സവത്തിൽ പങ്കെടുക്കാനെത്തിയ കെ എസ് യു യൂണിയൻ ഭരിക്കുന്ന കോളേജുകളിലെ കുട്ടികളെ അകാരണമായി മർദ്ദിക്കുന്നുവെന്ന പരാതികൾ ആദ്യം മുതലേ ഉയർന്നിരുന്നു. ഇന്നലെയും ഇന്നും വിവിധ സ്ഥലങ്ങളിൽ സംഘർഷമുണ്ടായി.
സംഘർഷങ്ങളിൽ എസ് എഫ് ഐ – കെഎസ്‍യു പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കെ എസ് യു പ്രവർത്തകരെ മർദ്ദിച്ചതിന് എസ് എഫ് ഐ പ്രവർത്തകർക്കെതിരെ രണ്ട് കേസാണ് എടുത്തിരിക്കുന്നത്. എസ് എഫ് ഐ ജില്ലാ ഭാരവാഹികൾ അടക്കമുള്ളവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. വേദിയിൽ ഇടിച്ചു കയറിയതിന് കെ എ സ്‍യു പ്രവർത്തകർക്കെതിരെയും കേസെടുത്തതായി പൊലീസ് അറിയിച്ചു.
Kerala university Union youth festival stopped after sfi ksu conflict