കണ്ണൂർ: കേരള സർവകലാശാല യുവജനോത്സവത്തിലെ കോഴകേസിലെ ഒന്നാം പ്രതിയായ വിധികർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ വിധികർത്താവായ ഷാജിയെ ആണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാളെ സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകിയിരുന്ന ഷാജി, മനോവിഷമത്തിൽ ആത്മഹത്യ ചെയ്തു എന്നാണ് പ്രാഥമിക നിഗമനം. കണ്ണൂരിലെ വീട്ടിലാണ് ഷാജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം കഴിച്ചു മരിച്ച നിലയിലാണ് ഷാജിയെ കണ്ടെത്തിയത്. വീട്ടിൽ നിന്നും ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. നിരപരാധിയാണ് താനെന്നും കോഴ വാങ്ങി വിധിനിർണയം നടത്തിയിട്ടില്ലെന്നുമാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നതെന്നുമാണ് വിവരം. യുവജനോത്സവത്തിന്‍റെ വിധികർത്താവിയിരുന്നപ്പോൾ കോഴയായി ഒരു പൈസയും വാങ്ങിയിട്ടില്ലെന്നത് സത്യമാണെന്നും താൻ തെറ്റ് ചെയ്യില്ലെന്ന് അമ്മയ്ക്ക് അറിയാമെന്നും ഷാജിയുടെ ആത്മഹത്യ കുറിപ്പിൽ പറയുന്നുണ്ടെന്നും വിവരമുണ്ട്. തന്നെ കുടുക്കാനായി പിന്നിൽ കളിച്ചവരെയെല്ലാം ദൈവം രക്ഷിക്കട്ടെയെന്നും ഷാജി കുറിച്ചിട്ടുണ്ട്. പ്രതി മരിച്ചതായി വിവരം ലഭിച്ചെന്ന് കേരള സർവകലാശാല യുവജനോത്സവത്തിലെ കോഴകേസ് അന്വേഷിക്കുന്ന കന്‍റോൺമെന്‍റ് പൊലിസും വ്യക്തമാക്കി. നാളെ സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ഷാജി അടക്കം നാല് പേർക്ക് എതിരെ ആയിരുന്നു കേസുണ്ടായിരുന്നത്. ഷാജി ഒഴികെയുള്ള ബാക്കി മൂന്ന് പേരിൽ രണ്ടു പേർ നൃത്ത പരിശീലകരും ഒരാൾ സഹായിയും ആയിരുന്നു. കേരള സർവകലാശാല യുവജനോത്സവത്തിൽ കോഴ ആരോപണമുയർന്ന മാർഗം കളി മത്സരത്തിന്‍റെ വിധി കർത്താവ് ആയിരുന്നു ഷാജി. മത്സരത്തിന്‍റെ ഫലം സർവകലാശാല യൂണിയന്‍റെയടക്കം പരാതി മൂലം തടഞ്ഞു വെച്ചിരിക്കുകയാണ്. ഷാജിയുടെ ഫോണിലേക്ക് ഇടനിലക്കാർ മത്സരാർത്ഥികളെ തിരിച്ചറിയാൻ അയച്ചുകൊടുത്ത ചിത്രങ്ങളടക്കം നൽകികൊണ്ടാണ് സംഘാടകർ പൊലിസിന് പരാതി നൽകിയത്. ഇതിനെ തുടർന്നാണ് ഷാജിയടക്കമുള്ളവർക്കെതിരെ കന്‍റോൺമെന്‍റ് പൊലീസ് കേസെടുത്തത്.
Kerala University youth festival bribery case accused judge found dead