തിരുവനന്തപുരം: കോഴ ആരോപണത്തെ തുടർന്ന് കേരള സർവകലാശാല യുവജനോത്സവം താൽക്കാലികമായി നിർത്തി വെച്ചു. കലോത്സവത്തിലെ മാർഗം കളി മത്സരത്തിനിടെ കോഴ ആരോപണമുയർന്നതോടെയാണ് തീരുമാനം. ഇന്നലെ രാത്രി നടന്ന മാർഗം കളി മത്സരത്തിലാണ് കോഴ ആരോപണം ഉയർന്നത്. ഇതിന് പിന്നാലെയാണ് സംഘാടക സമിതി താൽക്കാലികമായി യുവജനോത്സവം നിർത്തിവെച്ചതായി അറിയിച്ചത്. അപ്പീൽ കമ്മിറ്റിയുടെ മീറ്റിംഗ് ചേർന്ന ശേഷം മാത്രമേ യുവജനോത്സരം പുനരാരംഭിക്കുകയുള്ളു എന്ന് സംഘാടക സമിതി അറിയിച്ചിട്ടുണ്ട്.
അതേസമയം തിരുവനന്തപുരം ജില്ല ആതിഥേയത്വം വഹിക്കുന്ന യുവജനോത്സവത്തിൽ നിലവിൽ മാർ ഇവാനിയോസ് കോളേജാണ് മുന്നേറുന്നത്. സർവകലാശാല യുവജനോത്സവത്തിലെ 23 മത്സരങ്ങളുടെ ഫലം വന്നപ്പോൾ 52 പോയിന്റുമായാണ് മാർ ഇവാനിയോസ് കോളജ് മുന്നേറുന്നത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് (46), ശ്രീ സ്വാതി തിരുനാൾ കോളജ് ഓഫ് മ്യൂസിക് (32) എന്നിവരാണ് തൊട്ടുപിന്നിൽ. കലാപ്രതിഭ പട്ടത്തിലേക്ക് 10 പോയിന്റുമായി മാർ ഇവാനിയോസ് കോളജിലെ ബി മുരളി കൃഷ്ണയാണു മുന്നിൽ.
kerala university youth festival postponed due to bribery alligations