കേരളത്തിൽ രണ്ടുദിവസം പരക്കെ മഴ; ആറിടങ്ങളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ ഇന്നും നാളെയും(ഞായർ, തിങ്കൾ) പരക്കെ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് ആറു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയത്.

തിങ്കളാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു.

വടക്കു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം ഇന്ന് വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ, വടക്കൻ ഒഡിഷ, തീരത്തിന് സമീപം തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്നുള്ള 3 ദിവസങ്ങളിൽ പശ്ചിമ ബംഗാൾ, വടക്കൻ ഒഡിഷ, ഝാർഖണ്ഡ് , ഛത്തീസ്ഗഡ് മേഖലയിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത ആറു ദിവസം വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

More Stories from this section

family-dental
witywide