ന്യൂയോര്‍ക്കിലെ ടൈം സ്ക്വയറിൽ കേരളീയം പോസ്റ്റര്‍ പ്രദര്‍ശിപ്പിക്കാന്‍ മാത്രം ചെലവിട്ടത് 8.29 ലക്ഷം; ആകെ ചെലവ് വെളിപ്പെടുത്താതെ സര്‍ക്കാര്‍

ന്യൂയോര്‍ക്ക്‌: പിണറായി സര്‍ക്കാര്‍ നടത്തിയ കേരളീയം പരിപാടിയുടെ പോസ്റ്റര്‍ ന്യൂയോര്‍ക്കിലെ ടൈം സ്ക്വയറിൽ പ്രദര്‍ശിപ്പിക്കാന്‍ മാത്രം ചെലവിട്ടത് 8.29 ലക്ഷമെന്ന് കണക്ക്. എന്നാൽ കേരളീയൻ പരിപാടിയുടെ പിന്നിലുള്ള സ്പോണ്‍സര്‍മാര്‍ ആരെന്നും ആകെ എത്രരൂപ ചെലവായെന്നും സര്‍ക്കാര്‍ വെളിപ്പെടുത്തിയില്ല. നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് സ്പോണ്‍സമാരെ മറച്ചുപിടിച്ച് തുക മാത്രം വെളിപ്പെടുത്തിയത്. 11 കോടി 47 ലക്ഷം രൂപ സ്പോണ്‍സര്‍ഷിപ്പായി കിട്ടിയെന്നും നാലു കോടി അറുപത്തി മൂന്നു ലക്ഷം രൂപ കടമാണെന്നും നിയമസഭയിലെ മറുപടിയില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ നടത്തിയ കേരളീയത്തിനു എത്ര ചെലവായി എന്ന ചോദ്യത്തിനു, സര്‍ക്കാരിന്‍റെ കയ്യില്‍ നിന്നും ഒന്നും ചിലവായില്ലെന്നായിരുന്നു മറുപടി. സ്പോണ്‍സര്‍ഷിപ്പായി കിട്ടിയതാണെങ്കില്‍ ആരെല്ലാമാണ് സ്പോണ്‍സര്‍മാര്‍ എന്നതില്‍ അന്നും ഇന്നും സര്‍ക്കാരിനു ഉത്തരമില്ല. എന്നാല്‍ സ്പോണ്‍സര്‍ഷിപ്പായി 11 കോടി 47 ലക്ഷം രൂപ കിട്ടിയെന്നു പറയുന്നു. ആകെ എത്ര ചെലവായി എന്ന ചോദ്യത്തിനു ഇപ്പോഴും ഉത്തരമില്ലെങ്കിലും നാലു കോടി അറുപത്തി മൂന്നു ലക്ഷം രൂപ കടമാണെന്നു പറയുന്നുണ്ട്.

കടം വീട്ടാനായി ഈ തുക സര്‍ക്കാര്‍ അനുവദിച്ചെന്നും എല്‍ദോസ് കുന്നപ്പിള്ളിലിനു നല്‍കിയ മറുപടിയില്‍ പറയുന്നു. കോടികളൊഴുക്കി പ്രമുഖരേയും സെലിബ്രിറ്റികളേയും പങ്കെടുപ്പിച്ച് നടത്തിയ പരിപാടി ധൂര്‍ത്തെന്ന ആരോപണം അന്നേ ഉയര്‍ന്നതാണ്. പ്രതിപക്ഷം കേരളീയം ബഹിഷ്കരിക്കുകയും ചെയ്തിരുന്നു.