കുവൈത്ത് തീപ്പിടിത്തം: ഫ്ളാറ്റിന്റെ ഉടമ മലയാളി വ്യവസായി കെ.ജി. ഏബ്രഹാം; ആടുജീവിതം നിര്‍മാതാവ്, ക്രൗണ്‍പ്ലാസ ഉടമ

സൗദി അറേബ്യയിലെത്തിയ ഒരു മലയാളി കുടിയേറ്റ തൊഴിലാളിയുടെ പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥ പറഞ്ഞ ചിത്രം ആടുജീവിതം പുറത്തിറങ്ങിയത് ഈ വർഷമാണ്. 150 കോടി നേടിയ ചിത്രം നിർമ്മിച്ചത് മലയാളി വ്യവസായി കെ.ജി. ഏബ്രഹാമാണ്, ജൂൺ 12 ന് 49 ഇന്ത്യൻ തൊഴിലാളികൾ കൊല്ലപ്പെട്ട കുവൈറ്റിലെ കെട്ടിടത്തിൻ്റെ ഉടമസ്ഥരായ എൻബിടിസി ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ ഈ കെ.ജി. ഏബ്രഹാമാണ്. തിരുവല്ല നിരണം സ്വദേശിയാണ് . 38 വർഷമായി കുവൈറ്റിൽ ബിസിനസുകാരനായ അദ്ദേഹത്തിന് നാലായിരം കോടിയുടെ ആസ്തിയുണ്ടെന്നാണ് റിപ്പോർട്ട്.

സിവിൽ എൻജീനിയറിംഗിൽ ഡിപ്‌ളോമ നേടി 22ാം വയസിൽ കുവൈറ്റിലെത്തിയ അദ്ദേഹം പതിയെ വെട്ടിപ്പിടിച്ചതാണ് ഇന്നത്തെ ബിസിനസ് സാമ്രാജ്യം. ആടുജീവിതം എന്ന സിനിമയുടെ സഹനിർമ്മാതാവായ കെസി ഗ്രൂപ്പിൻ്റെ തലവനും ഏബ്രഹാമാണ്. കൊച്ചിയിലെ ക്രൗൺ പ്ലാസ എന്ന പഞ്ചനക്ഷത്ര ഹോട്ടലിന്റെ ഉടമസ്ഥൻ കൂടിയാണ്.

ബദ്ദ ആൻഡ് മുസൈരി എന്ന കൺസ്ട്രക്ഷൻ കമ്പനിയിലായിരുന്നു ഏബ്രഹാമിന്റെ ആദ്യ ജോലി, ശമ്പളം 60 ദിനാർ. ഏഴ് വർഷത്തിന് ശേഷം, അദ്ദേഹം എൻബിടിസിയുടെ ബിസിനസ് പങ്കാളിയായി. പതിയെ കുവൈത്തിലെ ചെറിയ കെട്ടിട നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു തുടങ്ങി.

കുവൈറ്റ് യുദ്ധം എബ്രഹാമിൻ്റെ ജീവിതത്തിലെ ഒരു സുപ്രധാന വഴിത്തിരിവായിരുന്നു. യുദ്ധം ആരംഭിച്ചപ്പോൾ, അദ്ദേഹം കുടുംബത്തോടൊപ്പം നാട്ടിലായിരുന്നു. യുദ്ധം അവസാനിച്ചപ്പോൾ അദ്ദേഹം കുവൈറ്റിലേക്ക് മടങ്ങി. യുദ്ധാനന്തരം കുവൈത്തിൻ്റെ വികസനത്തിനായി ഏബ്രഹാം നിക്ഷേപം നടത്തി. അദ്ദേഹത്തിൻ്റെ കെട്ടിട നിർമ്മാണ കമ്പനി എണ്ണ, വാതക മേഖലകളിലേക്കും മറ്റ് മേഖലകളിലേക്കും വ്യാപിപ്പിച്ചു.

മലയാളികൾ ഉൾപ്പെടെ കൂടുതൽ പേർക്ക് ജോലി നൽകുകയും 90 തൊഴിലാളികളുമായി ആരംഭിച്ച കമ്പനി 15,000 ജീവനക്കാരുള്ള വൻകിട സ്ഥാപനമായി വളരുകയും ചെയ്തു. അദ്ദേഹത്തിൻ്റെ ആസ്തി 4,000 കോടി രൂപയായി. കൂടാതെ കുവൈറ്റിൽ ഹൈവേ സെൻ്റർ എന്ന സൂപ്പർമാർക്കറ്റ് ശൃംഖലയും അദ്ദേഹത്തിനുണ്ട്.

കേരളത്തിലെ പല രാഷ്ട്രീയ വിവാദങ്ങളുടെയും കേന്ദ്രബിന്ദു കൂടിയായിരുന്നു ഏബ്രഹാം. വി.എസ്.അച്യുതാനന്ദന്‍ മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായിരുന്ന ടി.യു.കുരുവിളയുടെ മക്കൾ ഉൾപ്പെട്ട രാജകുമാരി ഭൂമിയിടപാട് പുറത്തുകൊണ്ട് വന്നത് ഇദ്ദേഹമാണ്. ഇടുക്കി രാജകുമാരി വില്ലേജിലെ 50 ഏക്കർ ഭൂമി ഏഴുകോടി രൂപയ്ക്ക് എബ്രഹാമിന് വില്‍ക്കാന്‍ കുരുവിളയുടെ മക്കള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇത് പുറമ്പോക്കാണെന്നും കുരുവിളയുടെ ബിനാമി ഭൂമിയാണെന്നും തിരിച്ചറിഞ്ഞതോടെ എബ്രഹാം ഇടപാടിൽ നിന്ന് പിന്മാറി. മുടക്കിയ ഏഴുകോടി നഷ്ടപ്പെട്ടു. ഇക്കാര്യം എബ്രഹാം ചൂണ്ടിക്കാണിച്ചതോടെ അന്വേഷണത്തിന് ഐഎഎസ് ഉദ്യോഗസ്ഥനായ രാജു നാരായണസ്വാമിയെ സർക്കാർ നിയോഗിച്ചു. ഇതിൻ്റെ റിപ്പോർട്ട് പുറത്ത് വന്നതോടെ മന്ത്രിക്ക് രാജി വയ്ക്കേണ്ടി വന്നു.

2018-ലെയും 2019-ലെയും പ്രളയത്തിൽ ദുരിതമനുഭവിച്ച കേരളത്തിലെ ജനങ്ങളെ സഹായിക്കാൻ അദ്ദേഹം മുൻപന്തിയിലായിരുന്നു. എന്നാൽ പ്രളയ ദുരിതാശ്വാസത്തിനായി നൽകിയ ഫണ്ട് അർഹരി​ലേക്ക് എത്തിയില്ലെന്നും, ഇനി ഒരു രാഷ്ട്രീയ പാർട്ടികൾക്കും സംഭാവന നൽകില്ല എന്നുമുള്ള കെ.ജി.എബ്രഹാമിന്റെ ആരോപണം രാഷ്ട്രീയ കേരളം ശ്രദ്ധിച്ചിരുന്നു.

More Stories from this section

family-dental
witywide