ന്യൂഡല്‍ഹി: കാനഡയിലെ ബ്രാംപ്ടനില്‍ ഹിന്ദു ക്ഷേത്രത്തിനു നേരെയുണ്ടായ ഖലിസ്ഥാന്‍ വാദികളുടെ ആക്രമണമുണ്ടായതിനു പിന്നാലെ ക്ഷേത്ര പൂജാരിക്കെതിരെ നടപടി. പൂജാരിയായ രാജേന്ദ്ര പ്രസാദിനെ സസ്‌പെന്‍ഡ് ചെയ്തതായി ഹിന്ദു സഭാ ക്ഷേത്രം അറിയിച്ചു. ആക്രമണത്തിനു പ്രകോപനമുണ്ടാക്കുന്ന തരത്തില്‍ സംസാരിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
കഴിഞ്ഞ ഞായറാഴ്ചാണ് ക്ഷേത്രത്തിനു നേരെ ആക്രമണമുണ്ടായത്. തുടര്‍ന്ന് പൂജാരി രാജേന്ദ്ര പ്രസാദിനെതിരെ ക്ഷേത്രം അടിയന്തര നടപടി സ്വീകരിക്കുന്നതായി ഹിന്ദു സഭാ ക്ഷേത്രം പ്രസിഡന്റ് മധുസൂദന്‍ ലാമ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
നേരത്തെ ഖലിസ്ഥാന്‍ സംഘടനയുടെ പ്രകടനത്തില്‍ പങ്കെടുത്ത കനേഡിയന്‍ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഉദ്യോഗസ്ഥന്‍ ഡ്യൂട്ടിയിലായിരുന്നില്ലെങ്കിലും ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നാലെയായിരുന്നു നടപടി.
ഞായറാഴ്ച ക്ഷേത്ര പരിസരത്ത് അതിക്രമിച്ച് കയറിയ ഖലിസ്ഥാന്‍ വാദികള്‍ ആക്രമണം നടത്തുകയായിരുന്നു. ഹിന്ദു മഹാസഭ മന്ദിറിനു മുന്നിലെ ആക്രമണത്തില്‍ കാനഡ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയുടെയും കാനഡയുടേയും പ്രധാനമന്ത്രിമാര്‍ സംഭവത്തെ ശക്തമായി അപലപിച്ച് രംഗത്തെത്തിയിരുന്നു.