
ഡല്‍ഹി : അയോധ്യയിലെ രാമക്ഷേത്രം ഉള്‍പ്പെടെയുള്ള ഹിന്ദു ക്ഷേത്രങ്ങള്‍ ലക്ഷ്യമിട്ട് ഖലിസ്ഥാനി ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നുവിന്റെ ഭീഷണി. നവംബര്‍ 16, 17 തീയതികളില്‍ ആക്രമണം ഉണ്ടാകുമെന്ന് നിരോധിത സിഖ്സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന പുറത്തുവിട്ട വിഡിയോയിലാണ് പന്നു മുന്നറിയിപ്പ് നല്‍കുന്നത്. കാനഡയിലെ ബ്രാംപ്ടണില്‍ റെക്കോര്‍ഡ് ചെയ്ത വിഡിയോ ഹിന്ദു ആരാധനാലയങ്ങള്‍ക്ക് നേരെയുള്ള അക്രമം ലക്ഷ്യമിടുന്നു. അക്രമോത്സുക ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ജന്മസ്ഥലമായ അയോധ്യയുടെ അടിത്തറ ഞങ്ങള്‍ ഇളക്കും എന്നാണ് വിഡിയോയില്‍ പന്നു പറയുന്നത്.
ഈ വര്‍ഷം ജനുവരിയില്‍ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി മോദി അവിടെ പ്രാര്‍ഥിക്കുന്ന ചിത്രങ്ങളാണ് പന്നുവിന്റെ വിഡിയോയിലുള്ളത്. ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള ഖാലിസ്ഥാനി ആക്രമണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാനഡയിലെ ഇന്ത്യക്കാര്‍ക്കും പന്നൂ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നവംബര്‍ ഒന്നിനും 19 നും ഇടയില്‍ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ പറക്കരുതെന്ന് കഴിഞ്ഞ മാസം പന്നു യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. 1984 ലെ സിഖ് വംശഹത്യയുടെ 40-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പന്നു ഭീഷണി മുഴക്കിയത്. 2020 ജൂലൈയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യു എ പി എ) പ്രകാരം പന്നുവിനെ തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യാ സര്‍ക്കാര്‍ ഇയാളുടെ അറസ്റ്റിനായി ഒന്നിലധികം വാറണ്ടുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അമേരിക്ക, കാനഡ എന്നിവിടങ്ങളിലാണ് പിന്നീട് പന്നുവിന്റെ വാസം.