ഡല്‍ഹി വിമാനത്താവളത്തിലെ അപകടം മാത്രമല്ല, രാമക്ഷേത്രത്തിലെ ചോര്‍ച്ച, മോര്‍ബി പാലം തകര്‍ച്ച…മോദിയെ കണക്കിന് വിമര്‍ശിച്ച് ഖാര്‍ഗെ

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ 1 ലെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്ന് ഒരാള്‍ മരിച്ച സംഭവത്തില്‍ മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ്. ഇത് അഴിമതിയുടെ ഫലമാണെന്നും കഴിവുകെട്ട, സ്വാര്‍ത്ഥ സര്‍ക്കാരിന്റെ’ നടപടികളുടെ ആഘാതം ഇരകള്‍ അനുഭവിക്കുന്നുവെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

ഡല്‍ഹി വിമാനത്താവളത്തിന്റെ ടെര്‍മിനല്‍-1 ന് സമീപമുള്ള കെട്ടിടം ഉദ്ഘാടനം ചെയ്തപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഭരണത്തെ പുകഴ്ത്തിയത് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മോദിക്കെതിരെ ആഞ്ഞടിച്ചു. എന്നാല്‍ അപകടമുണ്ടായ കെട്ടിടമല്ല, മറ്റൊരു കെട്ടിടമാണ് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തതെന്നാണ് കേന്ദ്രം തിരിച്ചടിച്ചത്.

തന്റെ ഭരണത്തിന് കീഴില്‍ ഇന്ത്യക്ക് ലോകോത്തര അടിസ്ഥാന സൗകര്യങ്ങളുണ്ടെന്നുള്ള പ്രധാനമന്ത്രിയുടെ അവകാശവാദങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഖാര്‍ഗെ വിമര്‍ശനം തൊടുത്തുവിട്ടത്. ഡല്‍ഹി വിമാനത്താവള അപകടം കൂടാതെ, ജബല്‍പൂര്‍ വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്ന സംഭവവും, അയോധ്യയിലെ പുതിയ റോഡുകളുടെ പരിതാപകരമായ അവസ്ഥയും, രാമ ക്ഷേത്രത്തിലെ ചോര്‍ച്ചയും, ഗുജറാത്തിലെ മോര്‍ബി പാലം തകര്‍ന്നതും അടക്കം നിരവധി ഉദാഹരണങ്ങള്‍ നിരത്തിയാണ് അദ്ദേഹം മോദി ഭരണത്തിനെതിരായ വിമര്‍ശനം ഉന്നയിച്ചത്.

ഇന്ന് പുലര്‍ച്ചെ 5 മണിയോടെയായിരുന്നു വിമാനത്താവളത്തില്‍ അപകടമുണ്ടായത്. ഒരാള്‍ മരിക്കുകയും എട്ടോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

More Stories from this section

family-dental
witywide