ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ 2025 ൽ നടക്കുന്ന ഹിന്ദു മഹാസംഗമം സംഘടനയുടെ രജത ജൂബിലി ആഘോഷം കൂടിയായിരിക്കുമെന്ന് സംഘാടകർ. വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെടുന്ന ഈ രജത ജൂബിലി ആഘോഷത്തിനുള്ള തയാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞതായി പ്രസിഡന്റ് ഡോ. നിഷാ പിള്ള പറഞ്ഞു.
സംഘടനയുടെ വിവിധ കർമ പദ്ധതികൾ നടന്നുവരുന്നതായും യുവതലമുറയെ കൂടുതൽ ഉൾപ്പെടുത്തി വിവിധ പ്രോഗ്രാമുകൾ നടത്തി വരുന്നതായും പ്രസിഡന്റ് പ്രത്യേകം എടുത്തു പറഞ്ഞു. കൂടാതെ സദസ്സിന്റെ വിവിധ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. സംഘടനയുടെ മുന്നോട്ടുള്ള എല്ലാ പ്രവർത്തനങ്ങൾക്കും കർമ പരിപാടികൾക്കും നിങ്ങൾ ഓരോരുത്തരുടേയും കൂട്ടായ സഹകരണം ഉണ്ടാകണമെന്നും അഭ്യർത്ഥിച്ചു.
ട്രസ്റ്റി മെമ്പർ അരവിന്ദ് പിള്ളയുടെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ ജൂഡീഷ്യൽ അംഗം സതീശൻ നായർ ഏവരേയും സ്വാഗതം ചെയ്തു. ജൂഡിഷ്യൽ കമ്മറ്റി ചെയർമാനും മുൻ പ്രസിഡന്റുമായ അനിൽ കുമാർപിള്ള, വൈസ് പ്രസിഡന്റ് സുരേഷ് നായർ, ട്രസ്റ്റി മെമ്പർ പ്രസന്നൻപിള്ള, കമ്മറ്റി മെമ്പർ വിജി എസ്. നായർ, യൂത്ത് ചെയർ നിതിൻ നായർ തുടങ്ങിയവർ സംസാരിച്ചു. കൂടാതെ രാധാകൃഷ്ണൻ നായർ, എംആർസി പിള്ള, സുരേഷ് ബാലചന്ദ്രൻ, രവി കുട്ടപ്പൻ, ചന്ദ്രൻപിള്ള, രാജമ്മ ഗോപാലകൃഷ്ണൻ, ലക്ഷ്മി സുരേഷ് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു. വി. ഗോപാലകൃഷ്ണൻ ഏവർക്കും നന്ദി രേഖപ്പെടുത്തി.
സതീശൻ നായർ