കൊച്ചി: വയനാട് ജില്ലയിലെ മാനന്തവാടിയില്‍ കാട്ടാന ആക്രമിച്ചതിനെത്തുടര്‍ന്ന് അജീഷ് എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ വനം മന്ത്രി എ.കെ.ശശീന്ദ്രനെതിരെ എന്‍സിപി രംഗത്ത്. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ തുടരെ ജനങ്ങള്‍ മരണപ്പെടുന്നെന്നും, വിഷയത്തെ ലാഘവമായി കണ്ട് വനം മന്ത്രി ജനങ്ങളെ പരിഹസിക്കുന്നെന്നും അഭിപ്രായപ്പെട്ട എന്‍സിപി സംസ്ഥാന കമ്മിറ്റി, മന്ത്രിയെ പുറത്താക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്ന പ്രമേയവും പാസാക്കി.
സംസ്ഥാന പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന ദേശീയ ജനറല്‍ സെക്രട്ടറി എന്‍.എ.മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണു ശശീന്ദ്രനെതിരെ വിമര്‍ശനം.
മന്ത്രിസ്ഥാനത്തുനിന്ന് എ.കെ.ശശീന്ദ്രനെ മാറ്റി പകരം പാര്‍ട്ടിക്ക് അനുവദിച്ചിട്ടുള്ള മന്ത്രിസ്ഥാനം തോമസ് കെ.തോമസിനെ ഏല്‍പ്പിക്കണമെന്നാണ് എന്‍.സി.പിയുടെ പ്രധാന ആവശ്യം.അജിത് പവാര്‍ വിഭാഗത്തെ എന്‍സിപി ഔദ്യോഗിക വിഭാഗമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ച സാഹചര്യത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് നേതൃത്വത്തിന് കത്തു നല്‍കും. പി.സി.ചാക്കോ എന്‍സിപിയുടെ പേരില്‍ ഇനി എല്‍ഡിഎഫ് നേതൃയോഗത്തില്‍ പങ്കെടുക്കാന്‍ പാടില്ല.
കൂടാതെ എന്‍സിപിയുടെ കൊടിയും ചിഹ്നവും ഉപയോഗിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച എല്ലാവരുടെയും യോഗം വിപ്പ് നല്‍കി വിളിക്കാന്‍ തീരുമാനിച്ചു. യോഗത്തില്‍ എല്ലാവരും നിര്‍ബന്ധമായും പങ്കെടുക്കണം. പങ്കെടുക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പ്രസിഡന്റിനെ ചുമതലപ്പെടുത്തി.