ശരീരത്തിൽ മുറിവുകൾ, ‘കില്ലേർസ് ഓഫ് ദി ഫ്ലവർ മൂൺ‘ നി‍ർമാതാവിന്‍റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത

ലോസ് ആഞ്ജലീസ്: പ്രമുഖ ഹോളിവുഡ് നിര്‍മാതാവ് ബ്രാഡ്‌ലി തോമസിന്റെ ഭാര്യ ഇസബെല്ല തോമസി(39) നെ മരിച്ച നിലയില്‍ കണ്ടെത്തി സംഭവത്തിൽ ദുരൂഹത. ലോസ് ആഞ്ജലീല്‍ ഇസബെല്ല താമസിച്ചിരുന്ന ഹോട്ടലിന് പരിസരത്താണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും സംശയങ്ങളും ബാക്കിയാണ്. ശരീരത്തിൽ കാണപ്പെട്ട മുറിവുകളാണ് ദുരൂഹതയുടെ കാരണം. ഇക്കാര്യങ്ങളടക്കം പൊലീസ് അന്വേഷിക്കും.

ഇസബെല്ലയുടെ ശരീരത്തിൽ ഒന്നിലധികം മുറിവുകളുണ്ടെന്നാണ് വിവരം. ഉയരമുള്ള കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ച നിലയിലാണ് ഇസബെല്ലയെ കണ്ടെത്തിയത്. ഉയരത്തിൽ നിന്ന് വീണതാകാം മരണകാരണമെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. ആത്മഹത്യ കുറിപ്പൊന്നും സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം. ഹോട്ടലിന്റെ ബാൽക്കണിയിൽ നിന്നും ഇസബെല്ല ചാടിയതാണോ എന്നതിലടക്കം സംശയമുണ്ട്. അന്വേഷണത്തിന് ശേഷമേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകു എന്നാണ് പൊലീസ് പറയുന്നത്.

ആഗോള തലത്തിൽ തന്നെ ശ്രദ്ധേയമായ ‘കില്ലേർസ് ഓഫ് ദി ഫ്ലവർ മൂൺ‘ എന്ന സിനിമയുടെ നിർമാതാവാണ് ഇസബെല്ലയുടെ ഭ‍ർത്താവ് ബ്രാഡ്ലി തോമസ്. ഡമ്പ് ആൻഡ് ഡമ്പർ, ദെയർ ഈസ് സംതിങ് അബൗട്ട് മേരി, കിങ്പിൻ, ഷാലോ ഹാൾ, ഹാൾ പാസ്, മ്യൂൾ എന്നീ ചിത്രങ്ങളുടേയും ഭാ​ഗമായി ബ്രാഡ്ലി പ്രവർത്തിച്ചിട്ടുണ്ട്.