ഹെലന് പിന്നാലെ 2 കൊടുങ്കാറ്റുകൾ, കിർക്കിനെ കാറ്റഗറി 4 ൽ ഉൾപ്പെടുത്തിയേക്കും, ലെസ്ലിയും ശക്തിപ്രാപിക്കുന്നു, ഫ്ലോറിഡയടക്കം ജാഗ്രതയിൽ

ന്യൂയോർക്ക്: ചുഴലിക്കാറ്റായി കിർക്ക് രൂപാന്തരം പ്രാപിച്ചെന്ന് എൻ എച്ച് സി അറിയിച്ചു. കാറ്റഗറി മൂന്നിലായിരുന്ന കിർക്കിനെ കാറ്റഗറി നാലിലേക്ക് മാറ്റിയേക്കുമെന്നാണ് എൻ എച്ച് സി പറയുന്നത്. അടുത്ത ദിവസങ്ങളിൽ കിർക്ക് കൂടുതൽ ശക്തമാകുമെന്ന് പ്രതീക്ഷിക്കുന്നതായും എൻഎച്ച്സി അറിയിച്ചിട്ടുണ്ട്. നോർത്തേൺ ലീവാർഡ് ദ്വീപുകളിൽ നിന്ന് 1130 മൈൽ കിഴക്കായിട്ടാണ് ഇപ്പോൾ കിർക്ക് സ്ഥിതി ചെയ്യുന്നത്.

പരമാവധി 125 കിമീ വേ​ഗതയിലേക്ക് കിർക്ക് എത്താനാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്. അങ്ങനെയെങ്കിൽ കിർക്ക് കാറ്റഗറി 4 കൊടുങ്കാറ്റായി മാറും. 10 മൈൽ വേഗതയിൽ വടക്കുപടിഞ്ഞാറോട്ട് നീങ്ങുന്നതിനാൽ കിർക്ക് ഉടൻ കാറ്റഗറി 4 ൽ എത്തിയേക്കുമെന്നും എൻഎച്ച്സി പറയുന്നു. വെള്ളിയാഴ്‌ചയോടെ അതിവേഗം വടക്കോട്ട് കൂടുതൽ തിരിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരയെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെങ്കിലും, ലീവാർഡ് ദ്വീപുകൾ, ബർമുഡ, ഗ്രേറ്റർ ആൻ്റിലീസ്, യുഎസ് കിഴക്കൻ തീരം എന്നിവിടങ്ങളെ ബാധിക്കുമെന്ന് എൻ എച്ച് സി മുന്നറിയിപ്പ് നൽകുന്നു.

അതേസമയം തന്നെ മറ്റൊരു കൊടുങ്കാറ്റായ ലെസ്ലി ഉഷ്ണമേഖലാ കൊടുങ്കാറ്റായി മാറിയെന്നും അറിയിപ്പുണ്ട്. തെക്കേ അറ്റത്തുള്ള കാബോ വെർഡെ ദ്വീപുകളിൽ നിന്ന് 540 മൈൽ തെക്കുപടിഞ്ഞാറായി ലെസ്ലി നിലവിൽ ഉണ്ടെന്ന് എൻ എച്ച് സി പറയുന്നു. നിലവിൽ 5 മൈൽ വേഗതയിൽ പടിഞ്ഞാറോട്ട് നീങ്ങുന്ന ലെസ്ലിക്ക് പരമാവധി വേ​ഗം 45 കിമീയായിരിക്കും. അടുത്ത രണ്ട് ദിവസങ്ങളിൽ ചുഴലിക്കാറ്റായി ശക്തിപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലെ മോഡലുകൾ അനുസരിച്ച്, ലെസ്ലി കരയെ ബാധിക്കില്ല. ഈ സാഹചര്യത്തിൽ ഫ്ലോറിഡയടക്കമുള്ള സംസ്ഥാനങ്ങൾ അതീവ ജാഗ്രതയിലാണ്.

More Stories from this section

family-dental
witywide