ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ നിയന്ത്രണം ഇനി യുഎസ് കമ്പനിക്ക്; കെകെആർ നടത്തുന്നത് വമ്പൻ നിക്ഷേപം, മുടക്കുന്നത് 2,500 കോടി രൂപ

കോഴിക്കോട്: കേരളത്തിലെ മൾട്ടി-സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ശൃംഖലയായ ബേബി മെമ്മോറിയല്‍ ആശുപത്രി (ബി.എം.എച്ച്) ഏറ്റെടുക്കാന്‍ ആഗോള സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കെ.കെ.ആര്‍ ആന്‍ഡ് കോ (കോല്‍ബെര്‍ഗ് ക്രാവിസ് റോബര്‍ട്‌സ് ആന്‍ഡ് കോ -kohlberg kravis Roberts & co). യുഎസ് ആസ്ഥാനമായ കെകെആ‍ർ ആണ് വമ്പൻ മുതൽ മുടക്കിൽ ആശുപത്രിയുടെ ഓഹരികൾ ഏറ്റെടുക്കുന്നത്

ബേബി മെമ്മോറിയലിനായി കമ്പനി മുടക്കുന്നത് 2,500 കോടി രൂപയാണ്. ആരോഗ്യ ചികിത്സാ രംഗത്ത് നിർണായകമാകുന്ന വലിയ കരാർ ആണ് ഒപ്പു വെച്ചിരിക്കുന്നത്. 70 ശതമാനം ഓഹരികളും ഇനി വിദേശ സ്ഥാപനത്തിന് സ്വന്തമാകും. ഉത്തരേന്ത്യയിലെ മാക്‌സ് ഹെല്‍ത്ത് കെയറിലുണ്ടായിരുന്ന നിക്ഷേപം റെക്കോഡ് ലാഭത്തില്‍ വിറ്റഴിച്ച് രണ്ട് വര്‍ഷത്തിന് ശേഷമാണ് ഹോസ്പിറ്റല്‍ ബിസിനസ് മേഖലയിലേക്കുള്ള കെ.കെ.ആറിന്റെ തിരിച്ചുവരവ്.

ആരോഗ്യ രംഗത്തെ വളർച്ച ശക്തിപ്പെടുത്താനും ഇന്ത്യയിലുടനീളം സേവനങ്ങൾ നൽകാനും നിക്ഷേപം സഹായകരമാകുമെന്ന് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൻ്റെ സ്ഥാപകനും ചെയർമാനുമായ ഡോ.കെ.ജി. അലക്‌സാണ്ടർ പറഞ്ഞു. 1987ൽ സ്ഥാപിതമായ നിലവിൽ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന് കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലായി രണ്ട് ആശുപത്രികളാണുള്ളത്. 1,000 കിടക്കകളുടെ ശേഷിയാണ് നിലവിൽ ഉള്ളത്. പുതിയ നിക്ഷേപം എത്തുന്നത് വിവിധ മേഖലകളിൽ പ്രവർത്തനം വിപുലീകരിക്കാൻ സഹായകരമാകും.

കാർഡിയോളജി, ഓങ്കോളജി, ന്യൂറോളജി, ഗ്യാസ്ട്രോഎൻട്രോളജി, പീഡിയാട്രിക്, ഓർത്തോപീഡിക് കെയർ എന്നിവയുൾപ്പെടെ 40 മെഡിക്കൽ, സർജിക്കൽ ഡിപ്പാർട്ട്‌മെൻ്റുകളിൽ സ്പെഷ്യലൈസ്ഡ് ചികിത്സയുമായാണ് ബിഎംഎച്ച് സേവനങ്ങൾ നൽകുന്നത്.

കെകെആർ ഇന്ത്യൻ പ്രൈവറ്റ് ഇക്വിറ്റിയുടെ പാർട്ണറും തലവനുമായ അക്ഷയ് തന്ന പ്രതികരണവുമായി രംഗത്തെത്തി “ബിഎംഎച്ചിലെ ഞങ്ങളുടെ നിക്ഷേപം ഇന്ത്യയിലെ ആരോഗ്യ സംരക്ഷണത്തിലുള്ള ഞങ്ങളുടെ തുടർച്ചയായ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നു. ഈ നിക്ഷേപത്തിലൂടെ ഡോ. കെ ജി അലക്‌സാണ്ടറുമായും കുടുംബവുമായും തന്ത്രപരമായ പങ്കാളികളാകുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്, ഇത് ബിഎംഎച്ചിൻ്റെ ആശുപത്രികളുടെ ശൃംഖല വിപുലീകരിക്കുന്നതിനും മെഡിക്കൽ ഇൻഫ്രാസ്ട്രക്ചറിൽ നിക്ഷേപം തുടരുന്നതിനും സഹായിക്കും. അതിലൂടെ ബേബി മെമ്മോറിയലിന്റെ മെഡിക്കൽ സേവനങ്ങൾ ഇന്ത്യയിലെ കൂടുതൽ രോഗികളിലേക്ക് എത്തിച്ചേരാനാകും.”