ദില്ലി: കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേന്ദ്ര ധനവകുപ്പുമായി കേരളം നടത്തിയ ചർച്ച പരാജയം. കേരള ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരളം ഉന്നയിച്ച ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. കടമെടുപ്പ് പരിധി കുറച്ചതിനെതിരെ കേരളം സുപ്രീം കോടതിയിൽ കേസ് കൊടുത്തതിൽ കേന്ദ്രം അതൃപ്തി പ്രകടിപ്പിച്ചതായും ബാലഗോപാൽ വ്യക്തമാക്കി. ചർച്ചക്കിടെ കേന്ദ്ര ധനവകുപ്പ് ഉദ്യോഗസ്ഥർ ഇക്കാര്യം പലതവണ ചൂണ്ടിക്കാട്ടിയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സുപ്രീം കോടതിയിൽ പ്രതീക്ഷയുണ്ടെന്നും കടമെടുപ്പ് പരിധി സംബന്ധിച്ച കേസുമായി മുന്നോട്ട് പോകുമെന്നും കേരള ധനമന്ത്രി വ്യക്തമാക്കി. സുപ്രീം കോടതിയിൽ കേരളം കേസ് കൊടുത്തതിൽ കേന്ദ്രത്തിന് ഈഗോ പ്രശ്നം ഉണ്ടാകേണ്ട കാര്യമില്ല. സുപ്രീം കോടതി നിർദ്ദേശിച്ച ചർച്ച കഴിഞ്ഞ സ്ഥിതിക്ക് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ എന്ത് നിലപാടാകും അറിയിക്കുമെന്നത് അറിയാനായി കാത്തിരിക്കുകയാണെന്നും ബാലഗോപാൽ പ്രതികരിച്ചു. കേരളത്തിന് ഇന്നത്തെ ചർച്ച നേട്ടമായില്ലെന്നാണ് വിലയിരുത്തലെന്നും ധനമന്ത്രി വിവരിച്ചു. സുപ്രീം കോടതിയിൽ കേസ് നിൽക്കുമ്പോൾ എങ്ങനെ ഈ വിഷയം ചർച്ച ചെയ്യ് തീരുമാനമെടുക്കുമെന്ന നിലപാടാണ് കേന്ദ്ര ഉദ്യോഗസ്ഥർ ചർച്ചയിലുടനീളം സ്വീകരിച്ചത്. കേസ് പിൻവലിക്കണമെന്ന് നേരിട്ട് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും, കേരളം സുപ്രീം കോടതിയിൽ കേസ് നൽകിയത് ചർച്ചയിൽ കേന്ദ്ര ധനവകുപ്പ് ഉദ്യോഗസ്ഥർ പലതവണ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതുകൊണ്ടുതന്നെ സുപ്രീം കോടതിയെ ഇക്കാര്യം അറിയിക്കും. സുപ്രീം കോടതിയിൽ നിന്നും അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. ധനമന്ത്രി കെ എൻ ബാലഗോപാലിന്‍റ നേതൃത്വത്തിൽ നാലംഗ സമിതി ആണ് കേന്ദ്രവുമായി ചർച്ച നടത്തിയത്. ധനമന്ത്രിയ്ക്ക് പുറമെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാം, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്ര കുമാർ അഗർവാൾ, അഡ്വ. ജനറൽ കെ ഗോപാലകൃഷ്‌ണ കുറുപ്പ് എന്നിവരാണ് കേരള സംഘത്തിലുണ്ടായിരുന്നത്. കേന്ദ്ര ധനകാര്യ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് കേരളവുമായി ചർച്ച നടത്തിയത്.
KN Balagopal response after meeting with union government on Borrowing limit