കൊച്ചി: കൊച്ചിയിൽ കളമശ്ശേരിയിൽ പെയ്ത കനത്ത മഴയ്ക്ക് കാരണം മേഘ വിസ്ഫോടനമെന്ന് സംശയിക്കുന്നതായി കുസാറ്റിലെ വിദഗ്ധർ. ഒന്നര മണിക്കൂറിൽ 98 മില്ലീമീറ്റർ മഴയാണ് കൊച്ചിയിൽ ഇന്ന് പെയ്തത്. എന്നാൽ ഇതുസംബന്ധിച്ച് കാലാവസ്ഥാ വകുപ്പിന്‍റെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. രാവിലെ 8.30 ന് ശേഷം കൊച്ചിയിൽ കൂമ്പാര മേഘങ്ങളുടെ സാന്നിധ്യമുണ്ടായി. 14 കിലോമീറ്റർ വരെ ഉയരമുള്ള മേഘങ്ങളാണ് കൂമ്പാര മേഘങ്ങൾ.
രാവിലെ 9.10 മുതൽ 10.10 വരെ കുസാറ്റിലെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനിൽ 100 മില്ലീ മീറ്ററിനടുത്ത് മഴ രേഖപ്പെടുത്തി. റേമൽ ചുഴലിക്കാറ്റിന്‍റെ സ്വാധീനം കാരണം പശ്ചിമ തീരത്തെ കാറ്റിന്‍റെ വേഗം വർധിച്ചിട്ടുണ്ട്.നീരാവിയെയും വഹിച്ചുകൊണ്ടുള്ള വലിയ കാറ്റാണ് തീരപ്രദേശത്തേക്ക് കഴിഞ്ഞ മണിക്കൂറുകളിൽ എത്തുന്നത്.
മണ്‍സൂണ്‍ കാലത്തെ കാറ്റിന്‍റെ പാറ്റേണും പ്രീ മണ്‍സൂണ്‍ കാലത്തെ മഴമേഘങ്ങളുടെ ഘടനയുമാണ് ഇപ്പോഴത്തെ കനത്ത മഴക്ക് കാരണമെന്നും പറയുന്നു. പെരുമഴയിൽ കൊച്ചിയിൽ കനത്ത വെളളക്കെട്ടുണ്ടായി. കൊച്ചി നഗരസഭാ മേഖലയിലും തൃക്കാക്കര, കളമശേരി , തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റികളിലുളളവരേയുമാണ് ഏറെ ബാധിച്ചത്.
Kochi heavy rain due to cloudburst