കൊച്ചി: കേരളത്തെ നടുക്കിയ കൊച്ചിയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. നവജാത ശിശുവിനെ കൊലപ്പെടുത്തിയ അമ്മയായ 22 കാരിയെ ബലാത്സംഗം ചെയ്തത് തൃശൂർ സ്വദേശിയായ നർത്തകനാണെന്നാണ് ഏറ്റവും പുതിയ വിവരം. ഇയാൾക്കെതിരെ കേസെടുക്കാനാണ് പൊലീസിന്റെ നീക്കം. കേസെടുക്കാമെന്ന് പൊലീസ് നിയമോപദേശം ലഭിച്ചതായും വിവരമുണ്ട്. അതിനിടെ കുഞ്ഞിന്‍റെ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
അതിനിടെ നവജാത ശിശുവിന്‍റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. തലയോട്ടിക്കുണ്ടായ പരിക്കാണ് മരണം കാരണമെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. കീഴ് താടിക്കും പരുക്കുണ്ട്. മരണ കാരണമായ പരിക്ക് തലയോട്ടിക്ക് ഉണ്ടായത് മുറിക്കുള്ളിൽ വെച്ചാണോ ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ് റോഡിൽ വീണതിനെ തുടർന്നാണോ എന്ന കാര്യം പൊലീസ് പരിശോധിക്കുകയാണ്. കുഞ്ഞിന്റെ ശരീരത്തിൽ സമ്മർദ്ദം ചെലുത്തിയെന്നും പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ പറയുന്നു.
ഇന്ന് രാവിലെ എട്ട് മണിയോടെയാണ് കേരളത്തെയാകെ ഞെട്ടിച്ച സംഭവം ഉണ്ടായത്. ശുചീകരണത്തൊഴിലാളികളാണ് നടുറോഡില്‍ പൊക്കിൾക്കൊടിപോലും മുറിച്ചുമാറ്റാത്ത നവജാത ശിശുവിനെ ആദ്യം കണ്ടത്. റോഡിലേക്ക് വീണ കുഞ്ഞിനെ പൊതിഞ്ഞിരുന്ന കവർ കേന്ദ്രീകരിച്ചായിരുന്നു തുടർ അന്വേഷണം. ആമസോണിൽ ഉത്പന്നങ്ങൾ വാങ്ങിയ കവറിലെ വിലാസത്തിലെ യുവതിയാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തി. ഗർഭിണിയാണെന്ന വിവരം മാതാപിതാക്കളോട് പറഞ്ഞിരുന്നില്ലെന്നും ഇതുണ്ടാക്കിയ മാനസിക സംഘർഷത്തിലാണ് കൃത്യം ചെയ്തതെന്നുമാണ് യുവതിയുടെ മൊഴി. ഇൻസ്റ്റാംഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തിൽ നിന്നാണ് ഗർഭിണിയായതെന്നും ഇക്കാര്യം വീട്ടുകാർ അറിഞ്ഞിരുന്നില്ലെന്നും യുവതി പൊലീസിനോട് പറഞ്ഞു.കുഞ്ഞിന്റെ മൃതദേഹം ഇൻക്വസ്റ്റിനുശേഷം കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പിതാവെന്ന് പറയുന്നയാൾ അറസ്റ്റിലായാൽ ഡി.എൻ.എ ടെസ്റ്റ് നടത്താനായി കുഞ്ഞിന്റെ സ്പെസിമൻ ശേഖരിക്കും. കൊടുംപാതകം ചെയ്തിട്ടും ഒന്നും അറിയാത്തതുപോലെയാണ് വീട്ടിൽ യുവതി ചെലവഴിച്ചത്. മറ്റ് തെളിവുകൾ നശിപ്പിച്ചെങ്കിലും കുളിമുറിയിലെ ചോരപ്പാടുകൾ മായ്ച്ചിരുന്നില്ല.സംഭവവുമായി ബന്ധമില്ലെന്നാണ് യുവതിയും മാതാപിതാക്കളും പൊലീസിനോട് ആദ്യം പറഞ്ഞത്. എന്നാൽ പൊലീസ് കൃത്യം തെളിവുകൾ നിരത്തിയതോടെ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു.
Kochi newborn death case crucial details out Police suspect rape thrissur dancer may be arrested