തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപിക്ക് കുരുക്കുമുറുക്കി ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് രംഗത്തെത്തിയിരുന്നു. കുഴല്‍പ്പണമായി എത്തിയത് ബി ജെ പിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് ആണെന്നും കൂടുതല്‍ കാര്യങ്ങള്‍ വൈകാതെ വെളിപ്പെടുത്തുമെന്നും സതീഷ് പറഞ്ഞതിനെ അപ്പാടെ തള്ളി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കൊടകര കുഴല്‍പ്പണ കേസിലെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്നും സതീഷ് ഇപ്പോള്‍ ആര്‍ക്കൊപ്പമാണെന്ന കാര്യം അന്വേഷിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
മാത്രമല്ല, കേസ് ഇപ്പോള്‍ ചര്‍ച്ചയാക്കുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പാലക്കാട് യു ഡി എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പി ആര്‍ ഏജന്‍സി ആണ് ഇപ്പോഴത്തെ ആരോപണങ്ങള്‍ക്ക് പിന്നിലുള്ളതെന്നും സുരേന്ദ്രന്‍ പറഞ്ഞു. പൊലീസ് അന്വേഷിച്ചു ചാര്‍ജ് ഷീറ്റ് കൊടുത്ത കേസ് ആണിതെന്ന് പറഞ്ഞ സുരേന്ദ്രന്‍ ആഭ്യന്തര വകുപ്പ് തന്റെ കൈയില്‍ അല്ലല്ലോ എന്നും ചോദിച്ചു. ഇപ്പോള്‍ ആരോപണം ഉന്നയിച്ച ഓഫീസ് സെക്രട്ടറിയെ രണ്ട് വര്‍ഷം മുമ്പ് പുറത്താക്കിയതാണെന്നും ചെറിയ ചെറിയ കാര്യങ്ങള്‍ ഊതി പെരുപ്പിച്ച് ബി ജെ പിയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാന്‍ നോക്കേണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
ധര്‍മ്മരാജന്‍ എന്നൊരു വ്യക്തിയാണ് പണം കൊണ്ട് വന്നത്. പണം ചാക്കില്‍ കെട്ടിയാണ് കൊണ്ടുവന്നതെന്നും ബി ജെ പിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കായാണ് പണം കൊണ്ടുവന്നതെന്നും ധര്‍മ്മരാജന് മുറി എടുത്ത് കൊടുത്തത് താന്‍ ആണെന്നും തിരൂര്‍ സതീഷ് പറഞ്ഞിരുന്നു. ആറ് ചാക്ക് നിറയെ പണമുണ്ടായിരുന്നു. പണം ഓഫീസില്‍ വെച്ചു. പണമാണെന്ന് പിന്നീട് ആണ് അറിഞ്ഞത്. ജില്ലാ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരണമാണ് താന്‍ എല്ലാം ചെയ്തത്- തിരൂര്‍ സതീഷ് ആരോപിച്ചു