കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. ആശുപത്രിയിൽ പി.ജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സമയത്ത് സന്ദീപ് ഘോഷായിരുന്നു പ്രിൻസിപ്പൽ. സംഭവശേഷം വ്യാപക പ്രതിഷേധമാണ് ഉയർന്നിരുന്നത്. ഇതിന് പിന്നാലെയാണ് ഇവിടത്തെ സാമ്പത്തിക ക്രമക്കേടുകളും അന്വേഷിക്കാൻ സർക്കാർ തീരുമാനിച്ചത്.
ബലാത്സംഗ കൊലപാതകം, സാമ്പത്തിക ക്രമക്കേട് എന്നിവ സംബന്ധിച്ച അന്വേഷണം നടത്തുന്ന സി.ബി.ഐ ക്രിമിനൽ ഗൂഢാലോചന, വഞ്ചന തുടങ്ങിയ കുറ്റങ്ങളും മുൻ പ്രിൻസിപ്പിലിനെതിരെ ചുമത്തിയിട്ടുണ്ട്. ഇയാൾ മൃതദേഹം മറിച്ചു വിറ്റിട്ടുണ്ടെന്ന ആരോപണവും ഉയർന്നിരുന്നു. 15 ദിവസമായി ഇയാളെ സി.ബി.ഐ ചോദ്യം ചെയ്ത് വരികയാണ്. കൊലപാതക കേസിലെ പ്രതി സഞ്ജയ് റോയി, സന്ദീപ് ഘോഷ് എന്നിവരുടെ അടക്കം ഏഴുപേരുടെ നുണ പരിശോധന നടത്തിയിരുന്നു. വനിതാ ഡോക്ടർ കൂട്ട ബലാൽസംഗത്തിന് ഇരയായിട്ടില്ലെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ.