ന്യൂഡൽഹി: കൊൽക്കത്തയിൽ ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിലും ആശുപത്രി അതിക്രമത്തിലും പ്രതിഷേധിച്ച് രാജ്യവ്യാപക സമരത്തിന് ആഹ്വാനം നൽകി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). ശനിയാഴ്ച (ഓഗസ്റ്റ് 17) രാവിലെ ആറുമുതൽ 24 മണിക്കൂർ സമരത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.
ശനിയാഴ്ച രാവിലെ ആറുമണി മുതല്‍ ഞായറാഴ്ച രാവിലെ ആറുമണിവരെയാണ് പണിമുടക്ക്. ഒപി, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ തുടങ്ങിയവ മുടങ്ങുമെന്നാണ് ഐ.എം.എ. വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്. എന്നാൽ അത്യാഹിത അടിയന്തര സേവനങ്ങൾക്കു മുടക്കമുണ്ടാകില്ല.
വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ ജൂനിയർ ഡോക്ടർമാർ ഇന്ന് പണിമുടക്കുമെന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നു. വാർഡ് ഡ്യൂട്ടി എടുക്കാതെയും ഒപി ബഹിഷ്കരിച്ചുമായിരിക്കും സമരം. സമരത്തിൽ നിന്ന് അത്യാഹിത–വിഭാഗത്തെ ഒഴിവാക്കിയിരുന്നു. വെള്ളിയാഴ്ച കരിദിമായി ആചരിക്കാനും ഡോക്ടർമാർ തീരുമാനിച്ചിരുന്നു.