കൊല്‍ക്കത്ത ഡോക്ടറുടെ കൊലപാതകം : രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ച് ഡോക്ടര്‍മാര്‍, ‘ഭീതികൂടാതെ ജോലി ചെയ്യാന്‍ ഇടപെടല്‍ നടത്തണം’

കൊല്‍ക്കത്ത: അതിദാരുണമായി പീഡിപ്പിക്കപ്പെട്ട് കൊലചെയ്യപ്പെട്ട കൊല്‍ക്കത്തയിലെ ഡോക്ടര്‍ക്ക് നീതിതേടി നടത്തുന്ന സമരത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും പ്രധാനമന്ത്രിക്കുമടക്കം കത്തയച്ചു. പശ്ചിമ ബംഗാള്‍ സര്‍ക്കാരും സമരത്തിലുള്ള ഡോക്ടര്‍മാരും തമ്മിലുള്ള ചര്‍ച്ച മൂന്നാം ദിവസവും നടക്കാതായതോടെയാണ് പ്രതിഷേധക്കാര്‍ രാഷ്ടപതി-പ്രധാനമന്ത്രി ഇടപെടല്‍ തേടിയത്.

കത്തിന്റെ പകര്‍പ്പ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍, ആരോഗ്യമന്ത്രി ജെപി നദ്ദ എന്നിവര്‍ക്കും നല്‍കിയിട്ടുണ്ട്. ‘ഏറ്റവും നീചമായ കുറ്റകൃത്യത്തിന് ഇരയായ ഞങ്ങളുടെ നിര്‍ഭാഗ്യവതിയായ സഹപ്രവര്‍ത്തകയ്ക്ക് നീതി ലഭിക്കാനും, പശ്ചിമ ബംഗാള്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള ആരോഗ്യ പ്രവര്‍ത്തകരായ ഞങ്ങള്‍ക്ക് ഭയം കൂടാതെ പൊതുജനങ്ങളോടുള്ള ഞങ്ങളുടെ കടമകള്‍ നിര്‍വഹിക്കാന്‍ കഴിയുന്നതിലും ഇടപെടണമെന്നാണ്’ കത്തിലെ ആവശ്യം.

പശ്ചിമ ബംഗാളിലെ ആര്‍.ജി.കര്‍ മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടര്‍ ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധം ശക്തമാകവേ, മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ സന്നദ്ധമാണെന്ന പ്രഖ്യാപനവുമായി മമത ബാനര്‍ജി ഇന്നലെ എത്തിയിരുന്നു. ജൂനിയര്‍ ഡോക്ടര്‍മാരുമായുള്ള ചര്‍ച്ച മുടങ്ങിയതിനു പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണു മമത നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച തല്‍സമയം സംപ്രേക്ഷണം ചെയ്യണമെന്നായിരുന്നു ഡോക്ടര്‍മാരുടെ ആവശ്യം. സര്‍ക്കാര്‍ ഈ ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്നാണ് ചര്‍ച്ച മുടങ്ങിയത്.

സെക്രട്ടറിയേറ്റില്‍ ജൂനിയര്‍ ഡോക്ടര്‍മാരുമായുള്ള കൂടിക്കാഴ്ചയ്ക്കായി രണ്ട് മണിക്കൂറോളം കാത്തുനിന്നതിന് പിന്നാലെയാണ് ബംഗാള്‍ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ഇങ്ങനെ പ്രതികരിച്ചത്. കൂടിക്കാഴ്ചയ്ക്ക് തയ്യാറാകാതിരുന്ന ജൂനിയര്‍ ഡോക്ടര്‍മാരോട് മമതാ രൂക്ഷമായി പ്രതികരിച്ചു. ഞാന്‍ രാജിവെക്കാന്‍ തയ്യാറാണ്. ആര്‍ജി കര്‍ ആശുപത്രിയില്‍ കൊലചെയ്യപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കുകതന്നെയാണ് എന്റെയും ആവശ്യം, മമത പറഞ്ഞു. എനിക്ക് മുഖ്യമന്ത്രി പദവി ആവശ്യമില്ല. പദവിയെക്കുറിച്ച് ഞാന്‍ ആലോചിക്കുന്നില്ല. സാധാരണക്കാര്‍ക്ക് ചികിത്സ ലഭിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ‘യോഗത്തിനായി രണ്ടു മണിക്കൂര്‍ കാത്തിരുത്തിയെങ്കിലും ഞാന്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കില്ല. അവര്‍ ചെറുപ്പക്കാരായതിനാല്‍ ക്ഷമിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ് എന്നും ഇന്നലെ, മമത പറഞ്ഞിരുന്നു.

ഓഗസ്റ്റ് 9 നാണ് കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. സംഭവത്തിനുശേഷം ഡോക്ടര്‍മാര്‍ നടത്തിയ പ്രക്ഷോഭം ഇപ്പോഴും തുടരുകയാണ്.

More Stories from this section

family-dental
witywide