കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ യുവ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ സിബിഐയുടെ നിര്‍ണായക കണ്ടെത്തല്‍ പുറത്ത്. കൂട്ടബലാത്സംഗത്തിനുള്ള സാധ്യത തള്ളിയ സിബിഐ, പ്രതിസ്ഥാനത്ത് സഞ്ജയ് റോയി മാത്രമാണുള്ളതെന്നും വ്യക്തമാക്കിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
ലഭ്യമായ തെളിവുകള്‍ പ്രകാരം സഞ്ജയ് റോയിയെ മാത്രമേ സിബിഐ കേന്ദ്രീകരിക്കുന്നുള്ളുവെന്നും അന്വേഷണം ഇപ്പോള്‍ അവസാന ഘട്ടത്തിലാണെന്നും ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഏജന്‍സി തയ്യാറാണെന്നും എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊല്‍ക്കത്ത പൊലീസില്‍ നിന്ന് കേസ് ഏറ്റെടുത്ത സിബിഐ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സമ്മര്‍ദ്ദത്തിലാണെന്നും റിപ്പോര്‍ട്ടുണ്ട്. പ്രതിയുടെ ഡിഎന്‍എ സഹിതം സിബിഐ മെഡിക്കല്‍ റിപ്പോര്‍ട്ട് ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് അന്വേഷണത്തിനായി അയച്ചിട്ടുണ്ടെന്നും ഫലം ലഭിച്ചാലുടന്‍ സിബിഐ റിപ്പോര്‍ട്ട് അവസാനിപ്പിക്കുമെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.