
കൊല്‍ക്കത്ത: ആര്‍ജി കര്‍ ആശുപത്രിയിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ നിര്‍മല്‍ ഘോഷിനെ തിങ്കളാഴ്ച സിബിഐ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു.
ടിഎംസിയുടെ പാനിഹാട്ടി എംഎല്‍എയായ നിര്‍മല്‍. രാവിലെ 10:30 ഓടെ സാള്‍ട്ട് ലേക്കിലെ സിബിഐയുടെ സിജിഒ കോംപ്ലക്‌സ് ഓഫീസില്‍ എത്തിയിരുന്നു. ഇവിടെവെച്ചായിരുന്നു ചോദ്യം ചെയ്യല്‍. യുവ ഡോക്ടറുടെ സംസ്‌കാര ചടങ്ങുകള്‍ തിടുക്കത്തില്‍ നടത്താന്‍ നിര്‍മ്മല്‍ ഘോഷ് ഇടപെടല്‍ നടത്തിയെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നുമാണ് സിബിഐയുടെ വാദം.
ആഗസ്റ്റ് 9ന് കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെമിനാര്‍ ഹാളിലാണ് യുവ വനിതാ ഡോക്ടറെ പീഡനത്തനിരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കേസില്‍ ആശുപത്രി മുന്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് ഇതുവരെ അറസ്റ്റിലായത്.